ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കണം

വയനാട്: പ്രളയാനന്തര ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിലെ പ്രളയത്തിൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ ഉൽപാദക സ്ഥാപനങ്ങളുടെ കിണറുകൾ, കുഴൽ കിണറുകൾ തുടങ്ങിയവ മലിനജലം കലർന്ന് ഉപയോഗയോഗ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്.

മലിനജലത്തിന്റെ ഉപയോഗം വയറിളക്കം, മഞ്ഞപിത്തം, ടൈഫോയിഡ് തുടങ്ങിയ ജലജന്യ രോഗങ്ങൾക്കും ഭക്ഷ്യ വിഷബാധക്കും കാരണമാകും. അതുകൊണ്ട് ഓരോ സ്ഥാപനത്തിലും ഭക്ഷണാവശ്യങ്ങൾക്കും പാത്രങ്ങൾ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന ജലം ശുദ്ധവും രോഗാണു വിമുക്തവുമാണെന്ന് സ്ഥാപന ഉടമ ഉറപ്പുവരുത്തണം.

മലിനജലം കലർന്ന കിണറുകളിലെ ജലം പൂർണമായും പമ്പ് ചെയ്തു കളഞ്ഞ് കിണർജലം ഇടവിട്ട് ബ്ലീച്ചിങ് പൗഡറിട്ട് അണുനാശനം വരുത്തണം. കൂടാതെ വെള്ളത്തിന്റെ സാമ്പിളുകൾ രാസ, ജൈവ പരിശോധനക്ക് വിധേയമാക്കി പാനയോഗ്യമാണെന്ന് ഉറപ്പുവരുത്തണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കണം. കിണറും പരിസരവും വൃത്തിയായി സൂക്ഷിച്ച് ഒരു തരത്തിലുള്ള മാലിന്യങ്ങളും കലരില്ലെന്ന് ഉറപ്പുവരുത്തണം. നനഞ്ഞതും പൂപ്പൽ പിടിച്ചതും കേടായതുമായ ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഒന്നും തന്നെ ഭക്ഷണാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്.

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുകയും ആരോഗ്യ,ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം.

Leave A Reply