‘കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് അവിടത്തെ ജനത’; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ വിജയ് സേതുപതി

ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി. കശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം ശരിയല്ലെന്ന് വിജയ് സേതുപതി പറഞ്ഞു. ഓസ്ട്രേലിയന്‍ റേഡിയോ ചാനലായ എസ്ബിഎസ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ അഭിപ്രായം വിജയ് സേതുപതി തുറന്നു പറഞ്ഞത്.

“ഇത് ജനാധിപത്യത്തിന് എതിരാണ്. പെരിയോര്‍ മുന്‍പ് തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കശ്മീരിലെ ജനത തന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളുടെ വീട്ടില്‍ താമസിക്കാത്ത ഞാന്‍ നിങ്ങളുടെ വീട്ടിലെ കാര്യത്തില്‍ ഇടപെട്ടാല്‍ എങ്ങനെയിരിക്കും?. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠയുണ്ട്, എന്നാല്‍ എന്‍റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യത്യസ്തമാണ്.” – വിജയ് സേതുപതി പറഞ്ഞു.

കാശ്മീരിനെക്കുറിച്ച് കാര്യങ്ങള്‍ വായിച്ചപ്പോള്‍ വലിയ വേദനയാണ് ഉണ്ടായത്. കശ്മീരിലെ പരിഹാരം കശ്മീര്‍ ജനതയില്‍ നിന്നാണ് വരേണ്ടത്. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റ്വെലില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ എത്തിയതായിരുന്നു വിജയ് സേതുപതി.

Leave A Reply