ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തും

പുനലൂർ : കിഴക്കൻമേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മേഖലകളിൽ റവന്യൂ, വനം,പോലീസ്, ഫയർഫോഴ്സ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും.പരിശോധന ഇന്ന് തുടങ്ങും. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ ഞായറാഴ്ച കൂടിയ അടിയന്തര അവലോകനയോഗത്തിലാണ് തീരുമാനം.പരിശോധനയുടെ റിപ്പോർട്ട് അടിയന്തരമായി കളക്ടർക്ക് നൽകും.

ജില്ലയുടെ കിഴക്കേ അറ്റത്തുള്ളതും പശ്ചിമഘട്ടമേഖല ഉൾക്കൊള്ളുന്നതുമായ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ഏറെ സാധ്യതയുള്ളത്. മുൻവർഷങ്ങളിൽ കാലവർഷത്തോടൊപ്പം ഇവിടെ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.പലപ്പോഴും വനത്തിനുള്ളിലാവും ഉരുൾപൊട്ടുക. ഈ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക പരിശോധന നടത്തുക. അപകടാവസ്ഥ കണ്ടാൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റും.

പാതയോരങ്ങളിലും മറ്റും അപകടനിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ അടിയന്തര നടപടിയെടുക്കും. പരിശോധനാ റിപ്പോർട്ട് തഹസിൽദാർ വഴി കളക്ടർക്ക് കൈമാറി മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നേടും. മറ്റു ജില്ലകളിൽ തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ അയയ്ക്കുന്നതിന് താലൂക്കിൽനിന്നുള്ള സാധനസാമഗ്രികൾ താലൂക്ക് ഓഫീസിൽ ശേഖരിക്കും.യോഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.

Leave A Reply