പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബയോടോയ്‌ലറ്റുകൾ നൽകി നടൻ ജയസൂര്യ

കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബയോടോയ്‌ലറ്റുകൾ നൽകി നടൻ ജയസൂര്യ. പ്രളയക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്‌ലെറ്റുകൾ വീതമാണ് നൽകുന്നത്. ഇതിന്റെ മുഴുവൻ ചെലവും ജയസൂര്യ വഹിക്കും.

ആയിരക്കണക്കിന് ആളുകളാണ് ജില്ലകളിലെ ഓരോ ക്യാമ്പുകളിലുമായി കഴിയുന്നത്. അതിനാൽ തന്നെ ഇത്രയും ആളുകൾക്ക് വേണ്ടത്ര ശൗചാലയങ്ങൾക്കുള്ള ദൗർലഭ്യമാണ് ഇവിടെയെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്.ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായാണ് ടെംപററി ടോയ്‌ലെറ്റുകൾ എത്തിച്ച് നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന തരം ടോയ്‌ലറ്റുകളാണ് ഇത്.

കാലവർഷത്തിൽ ഏറെ ദുരന്തം നേരിട്ടത് വയനാട്ടിലെ മേപ്പാടിയിലും മലപ്പുറത്തെ കവളപ്പാറയിലുമാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി രണ്ടരലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

Leave A Reply