പ്രളയം : നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കണ്ണൂർ : ജില്ലയില്‍ പ്രളയത്തിന് ശമനം ഉണ്ടായിതുടങ്ങിയതോടെ കാര്യക്ഷമമായ പുനരധിവാസ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. വെള്ളം കയറിയ വീടുകള്‍, കിണറുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ഏജന്‍സികളെയും ചേര്‍ത്ത് പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

പത്ത് വീടുകള്‍ക്ക് ഒരാള്‍ക്ക് മേല്‍നോട്ട ചുതല നിശ്ചയിച്ചായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ശുചിത്വ മിഷന്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ഇതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഞായറാഴ്ച പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ശുചീകരണത്തിന് ആവശ്യമായ ഹെല്‍ത്ത് കിറ്റ് തയ്യാറാക്കി നല്‍കാനും ജില്ലാതല യോഗത്തില്‍ ധാരണയായി. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ച സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയും ശുചീകരിക്കാന്‍ നടപടിയെടുക്കും. തദ്ദേശസ്ഥാപന മേധാവികളും റവന്യുവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ഈ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

വെള്ളം കയറി വൈദ്യുത ഉപകരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തകരാറിലായിട്ടുള്ള വീടുകളില്‍ സ്വന്തം ചെലവില്‍ റിപ്പേര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അവ റിപ്പേര്‍ ചെയ്യുന്നതില്‍ സഹായിക്കുന്നതിനായി സന്നദ്ധസേന രൂപീകരിക്കാനും നടപടിയെടുക്കും. എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക്, ഐടിഐ വിദ്യാര്‍ഥികള്‍, ട്രെയിനികള്‍, സന്നദ്ധരായ വയര്‍മെന്‍, ഇലക്ട്രീഷ്യന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരെയും ഇതിനായി ഉപയോഗപ്പെടുത്തും.

പ്രളയത്തില്‍ വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, റോഡ്് എന്നിവക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പിന് സംയുക്ത ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, അസി. എഞ്ചിനീയര്‍/ഓവര്‍സിയര്‍ എന്നിവരടങ്ങിയ സംഘമായിരിക്കും കണക്കെടുപ്പ് നടത്തുക. ഒരാഴ്ചക്കകം തന്നെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.ക്യാമ്പുകളില്‍ കഴിഞ്ഞുവോ എന്നതല്ല, പ്രളയത്തില്‍ നാശനഷ്ടവും ബുദ്ധിമുട്ടും ഉണ്ടായോ എന്നതായിരിക്കണം നഷ്ടം കണക്കാക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന് കലക്ടര്‍ പറഞ്ഞു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് അവര്‍ക്ക് പരമാവധി സഹായം നല്‍കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൃഷിനാശം, കന്നുകാലികള്‍ക്കുണ്ടായ നാശനഷ്ടം എന്നിവയുടെ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ എത്രയും വേഗം നടത്തണമെന്ന് നിര്‍ദേശിച്ചു.

പ്രളയം കാരണം വീട്‌വിട്ട് താമസിക്കേണ്ടി വന്നവര്‍ക്ക് തിരികെ സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോള്‍ അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കാനും യോഗം തീരുമാനിച്ചു. ശുചീരണത്തിന് ആവശ്യമായ ഹെല്‍ത്ത്കിറ്റും നല്‍കും. യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave A Reply