ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന ഭര്‍ത്താവ്, കനാലിൽ വലിച്ചെറിഞ്ഞശേഷം പോലീസിൽ കീഴടങ്ങി

വിജയവാഡ: ആന്ധ്രാപ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി തെരുവിലൂടെ നടന്നുനീങ്ങി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഭാര്യയുടെ അറുത്തെടുത്ത തല ഇയാള്‍ അടുത്തുള്ള കനാലിലേക്കു വലിച്ചെറിഞ്ഞു. ശേഷം സത്യനാരായണപുരം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്നതായി മണിക്രാന്തി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുമ്പ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Leave A Reply