വരും വർഷങ്ങളിലും അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠന റിപ്പോർട്ട്

വരും വർഷങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി മേനോന്‍ പറയുന്നു. ഇതിനു പ്രധാനകാരണം ആഗോള താപനം ആണെന്നാണ് പ്രാഥമിക നിഗമനം. ഇക്കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നും അവര്‍ പറഞ്ഞു.

വിവിധ കാലാവസ്ഥാ മാതൃകകളില്‍ ആഗോള താപനം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്നു ലഭിച്ച പ്രാഥമിക നിഗമനമാണ് വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് ആധാരമെന്ന് ആരതി പറഞ്ഞു.

ബ്രിട്ടീഷുകാരനായ കിരേന്‍ ഹണ്ടുമായി ചേര്‍ന്ന് 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചുളള ഗവേഷണത്തിലാണ് ആരതി. ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തില്‍ 20 വര്‍ഷത്തിനുശേഷമുള്ള ആഗോളതാപനം ഉള്‍ച്ചേര്‍ത്ത് പരീക്ഷണം നടത്തിയിരുന്നു. അതിതീവ്ര മഴയുണ്ടാകുമെന്നാണ് ലഭിച്ച ഫലം. കൂടുതല്‍ വര്‍ഷങ്ങളിലെ ന്യൂനമര്‍ദങ്ങളെയും അതിനോടനുബന്ധിച്ച തീവ്രമഴയെയും നിരീക്ഷിച്ചാലേ ആഗോള താപനമാണ് പ്രളയത്തിന്റെ പ്രധാന കാരണമെന്ന് ഉറപ്പിക്കാനാകൂ എന്നും ആരതി പറഞ്ഞു.

ഇന്ത്യന്‍ മണ്‍സൂണിനെ പറ്റിയുള്ള തന്റെ ഗവേഷണത്തെപ്പറ്റി 2017 മാര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ. ആരതി മേനോന്‍. ബ്രിട്ടനും ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ഗവേഷണ പദ്ധതിയിലെ ഗവേഷകയാണ് എറണാകുളം കളമശ്ശേരിക്കാരിയായ ആരതി മേനോൻ

Leave A Reply