ദുരന്തത്തിൽ അകപ്പെട്ട്   മലപ്പുറം നഗരം; ഒറ്റപ്പെട്ട്  താഴ്ഭാഗങ്ങൾ

മലപ്പുറം:വീണ്ടും പ്രളയ ദുരന്തത്തിൽ അകപ്പെട്ട്   മലപ്പുറം നഗരം. മഴ ഇനിയും കനക്കുകയാണെങ്കിൽ കഴിഞ്ഞ വർഷത്തേക്കാൾ ദുരന്തമായിരിക്കും സംഭവിക്കുക. കടലുണ്ടിപ്പുഴ കരകവിഞ്ഞ് മക്കരപ്പറമ്പ്, വലിയങ്ങാടി, കൈനോട്, ഹാജിയാർപള്ളി, കീരംകുണ്ട്, മൈലപ്പുറം, കിഴക്കേതല, താമരക്കുഴി, ഇരുമ്പുഴി, പാണായി, പൊന്മള ഭാഗങ്ങൾ ഒറ്റപ്പെട്ടു. മക്കരപ്പറമ്പിൽ കാർ ഒലിച്ചുപോയി.

മലപ്പുറം താലൂക്ക് ആശുപത്രിയുടെ മുറ്റം വെള്ളത്തിലാണ്. മൈലപ്പുറത്ത് വെള്ളം കയറി തുടങ്ങിയപ്പോൾ തന്നെ മലപ്പുറം ശിശുഭവനിലെ കുട്ടികളെ മാറ്റിപ്പാർപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളിലാണ് കുട്ടികൾക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഹാജിയാർപള്ളി തൂക്കുപാലം പൂർണമായും തകർന്നു.  വലിയവരമ്പും കോട്ടപ്പടി മത്സ്യമാർക്കറ്റും വെള്ളത്തിലായി . കളക്ടറേറ്റിൽ പ്രവേശന കവാടത്തിനു സമീപമുള്ള പ്ലാവിന്റെ മുകൾഭാഗം രാവിലെയും ബാക്കിഭാഗങ്ങൾ ഉച്ചയ്ക്കും വീണു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരംമാറ്റിയത്. വീഴ്ചയിൽ അടുത്തുള്ള വൈദ്യുതിപോസ്റ്റുകൾ നിലംപൊത്തി.

കൈനോട്, ഹാജിയാർപള്ളി ഭാഗങ്ങളിലെ വീടുകളിലുള്ളവരെ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വലിയങ്ങാടി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കേതല, ഹാജിയാർപള്ളി ഭാഗങ്ങളിലെ താഴ്ന്നഭാഗങ്ങളെല്ലാം ഇതിനകം വെള്ളത്തിലാണ്. മഴ കനക്കുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Leave A Reply