വീണ്ടും ഉരുൾപൊട്ടൽ; റോഡ് തകർന്നു; അട്ടപ്പാടി ഒറ്റപ്പെട്ടു

അട്ടപ്പാടി : കുറവന്‍പാടിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു . റോഡ് തകര്‍ന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകുന്നില്ല. പുഴകള്‍ കരകവിഞ്ഞ് പാലങ്ങള്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് അട്ടപ്പാടിയിലെ മിക്ക ഊരുകളും ഒറ്റപ്പെട്ടു. നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടി. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂര്‍ ഭൂതാനത്തും കവളപ്പാറയിലും വഴിക്കടവ് ആനമറിയിലും ഉരുള്‍പൊട്ടി. കവളപ്പാറയില്‍ രണ്ടു കുട്ടികളും ഒരു സ്ത്രീയും മരിച്ചു. അന്‍പതോളം വീടുകള്‍ മണ്ണിനടിയിലായി . കഴിഞ്ഞ രാത്രിയാണ് ഉരുള്‍ പൊട്ടിയത്. രണ്ടു പാലങ്ങളും ഒലിച്ചുപോയി. രണ്ടുകുന്നുകള്‍ പൂര്‍ണമായി ഇടിഞ്ഞ് പ്രദേശം ഇല്ലാതായി. വഴിക്കടവ് ആനമറിയില്‍ കാണാതായ രണ്ടു സഹോദരിമാരില്‍ ഒരാളുടെ മൃതദേഹം കിട്ടി. മലപ്പുറം നഗരത്തിലെ കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലും മണ്ണിടിച്ചിലുണ്ടായി . ഒരു വീട്ടില്‍ നാലുപേര്‍ കുടുങ്ങിയതായി സംശയം.

മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീടുതകര്‍ന്ന്‌ നാല് പേര് മരിച്ചു . കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മണ്ണൂരില്‍ തോണിമറി‍ഞ്ഞ് എ.ഇ ബൈജു മരിച്ചു.
പാലാ നഗരത്തില്‍ വെള്ളംകയറി. ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മീനച്ചിലാര്‍ കരകവിഞ്ഞു. കോട്ടയം നഗരത്തില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. കുമരകത്ത് വീടുകളില്‍ വെള്ളംകയറി .

Leave A Reply