രാഖി കൊലക്കേസ് : പ്രതികൾക്ക് പ്രചോദനമായത് സിനിമകളുടെ തിരക്കഥ

നെയ്യാറ്റിൻകര: രാഖി കൊലക്കേസിൽ സമർത്ഥമായി കൊലപാതകം നടത്താനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾക്കു പ്രചോദനമായത് ‘ദൃശ്യം’ ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളുടെ തിരക്കഥകൾ. ഒരിക്കലും അന്വേഷണസംഘം തങ്ങളിലേക്ക്‌ എത്തിച്ചേരാതിരിക്കാനായി രാഖിയുടെ വസ്ത്രമുൾപ്പെടെയുള്ളവ പല സ്ഥലങ്ങളിലാണ് ഇവർ ഉപേക്ഷിച്ചു. രാഹുലാണ് തെളിവുകൾ നശിപ്പിക്കുന്നതിനു വഴികൾ കണ്ടെത്തിയത്. ഇയാൾ ഫ്രീലാൻസ് വീഡിയോ, ഫോട്ടോഗ്രാഫറാണ്. എല്ലാത്തിനും കൂട്ടായി ആദർശും ഒപ്പംകൂടി.

സിനിമയെ വെല്ലുന്ന തിരക്കഥകളാണ് പ്രതികൾ രാഖി കൊലക്കേസിൽ മെനഞ്ഞത്.കൊലനടത്തിയ അടുത്ത ദിവസം തന്നെ രാഹുലും ആദർശും ബസിൽ സഞ്ചരിച്ചാണ് തെളിവുകൾ പല സ്ഥലത്തായി ഉപേക്ഷിച്ചത്.

കൊല്ലപ്പെട്ട ദിവസം രാഖി ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന സി.സി.ടി.വി. ദൃശ്യത്തിൽ അവരുടെ പക്കൽ ബാഗ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.എറണാകുളത്ത് എത്തിയ ശേഷം ധരിക്കാനുള്ള വസ്ത്രങ്ങളും ഭക്ഷണവുമാണ് ബാഗിലുണ്ടായിരുന്നത്.രാഖിയുടെ വസ്ത്രങ്ങൾ കവറിലാക്കി, ബാഗ് മനഃപൂർവമായി ബസിൽ ഉപേക്ഷിക്കുകയും ചെയ്തത് രാഹുലിന്റെ ബുദ്ധിയിലുദിച്ച കാര്യങ്ങളാണ്.

തെളിവെടുപ്പിൽ അന്വേഷണ സംഘംരാഖിയുടെ മൊബൈൽഫോൺ, സിം കാർഡ്, ചെരുപ്പ്, ധരിച്ചിരുന്ന വസ്ത്രങ്ങൾ, ബാഗ്, ഇതിനകത്തെ വസ്ത്രങ്ങൾ, ഭക്ഷണം എന്നിവയെല്ലാം പല സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തു.കൊലനടത്തിയതിന് ശേഷം മൂന്നുദിവസം കൊണ്ടുതന്നെ പ്രതികൾ തെളിവുകൾ പല സ്ഥലത്തായി ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷമാണ് ഒളിവിൽപ്പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച നടത്താനായി പ്രതികൾ മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിലെ ലോഡ്ജിൽ മുറിയെടുത്തത്.

കേസിൽ അന്വേഷണ സംഘം നൂറിലേറെപ്പേരുടെ മൊഴിയെടുത്തു.ഇനിയും പലരുടെയും മൊഴിയെടുക്കാനുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Leave A Reply