ഭരണഭാഷ പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമാകരുത്: ജില്ലാ കലക്ടര്‍

കണ്ണൂർ: ഭരണഭാഷ പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമാകരുതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അഭിപ്രായപ്പെട്ടു. ഭരണഭാഷ ജില്ലാ തല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല ജനതകള്‍ക്കുമുള്ളതുപോലെ തീവ്രമായ മാതൃഭാഷ സ്‌നേഹം മലയാളികള്‍ക്കില്ല. അതിനാല്‍ സര്‍ക്കാര്‍ തീരുമാനമെന്ന നിലയില്‍ മാത്രം യാന്ത്രികമായി ഈ പ്രവര്‍ത്തനത്തെ ജീവനക്കാര്‍ കാണുന്ന സ്ഥിതിയുണ്ട്. നമ്മുടെ മാതൃഭാഷയോട് കൂറും ഉത്തരവാദിത്തവും കാണിക്കാനുള്ള അവസരമായി ഭരണഭാഷ പ്രവര്‍ത്തനത്തെ കാണണം. നമ്മുടെ സാഹിത്യവുമായും സംസ്‌ക്കാരവുമായും കൂടുതല്‍ അടുക്കാനുളള അവസരം കൂടിയാണിത്. അങ്ങനെ സര്‍ഗാത്മകമായി ഭരണഭാഷ പ്രവര്‍ത്തനത്തെ മാറ്റാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കലക്ടര്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഉള്ളടക്കം ഇംഗ്ലീഷിലും മലയാളത്തിലുമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. രണ്ട് മാസത്തിനകം ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം. ഇതിനായി ഓരോ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനായി കലക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
വകുപ്പുകളുടെ ജില്ലാ തലത്തിലുള്ള ഭരണഭാഷ അവലോകനം കൂടുതല്‍ മെച്ചപ്പെടുത്താനും ഫയലുകളും അപേക്ഷാ ഫോറങ്ങളും മലയാളത്തിലാക്കുന്നത് നൂറ് ശതമാനമാക്കുന്നതിനും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ സംസാരിച്ച ഔദ്യോഗിക ഭാഷ വകുപ്പിലെ ഭരണഭാഷ വിദഗ്ധന്‍ ആര്‍ ശിവകുമാര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ജെസി ജോണ്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ശിരസ്തദാര്‍ പി വി അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply