ഷൈലോക്കിൽ തമിഴ്താരം രാജ്കിരണും മീനയുമാണ് നായകനും നായികയുമെന്നും താൻ വില്ലനാണെന്നും മമ്മൂട്ടി

കസബ, അബ്രഹാമിന്റെ സന്തതികൾ എന്നിവയ്ക്കു ശേഷം നിർമ്മാതാക്കളായ ​ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. സംവിധായകൻ അജയ് വാസുദേവനും മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണിത്. രാജാധിരാജ, മാസ്റ്റർപീസ് എന്നിവയാണ് മറ്റ് 2 മമ്മൂട്ടി ചിത്രങ്ങൾ.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഷൈലോക്കിൽ താൻ വില്ലനാണെന്നും തമിഴ്താരം രാജ്കിരണും മീനയുമാണ് നായകനും നായികയുമെന്ന് മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ നടന്ന ഷൈലോക്കിന്റെ ടൈറ്റിൽ ലോഞ്ചിലാണ് മെ​ഗാസ്റ്റാർ ഇക്കാര്യം വ്യക്തമാക്കിയത്. കഥാപാത്രത്തിന്റെ രൂപകല്പനയുടെ അടിസ്ഥാനത്തിലാണ് അദ്ദേ​ഹം ഇങ്ങനെ പറഞ്ഞത്. സാധാരണ തമിഴിൽ നിന്നും താരങ്ങളെ മലയാളസിനിമയിലേക്ക് കൊണ്ടുവരുന്നത് ഇടികൂടാനാണ്.

എന്നാൽ രാജ്കിരണെ മലയാളത്തിൽ ആ​ദ്യമായി അവതരിപ്പിക്കുന്ന ഷൈലോക്കിൽ അദ്ദേഹത്തിന് വളരെ പോസിറ്റീവ് ആയ റോളാണ് നൽകിയിരിക്കുന്നതെന്നും മമ്മൂട്ടി സൂചിപ്പിച്ചു. 28 വർഷം മുമ്പ് എൻ രാസാവിൻ മനസ്സിലെ എന്ന സിനിമയിൽ നടി മീനയെ പരിചയപ്പെടുത്തിയത് രാജ്കിരൺ ആണ്. സിനിമാപ്രേമികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആ പ്ര​ണയജോടികളാണവർ. 28 വർഷം മുമ്പ് പിരിഞ്ഞ ആ പ്രണയജോടികളെ ഷൈലോക്കിലൂടെ വീണ്ടും ഒരുമിപ്പിക്കുകയാണെന്ന് തമാശരൂപേണ മമ്മൂട്ടി പറഞ്ഞപ്പോൾ ചിരിച്ചും കൈയടിച്ചും സദസ്സ് അത് ആസ്വദിച്ചു.

Leave A Reply