59 വിദ്യാർഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി; 57കാരനെ തിരഞ്ഞ് പോലീസ്

പട്ടാമ്പി: തൃത്താലമേഖലയിലെ ഒരു യു.പി. സ്കൂളിലെ 59 വിദ്യാർഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരേ (57) പോക്സോ നിയമപ്രകാരം കേസെടുത്തതായി തൃത്താലപോലീസ് പറഞ്ഞു. കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണംചെയ്തു വന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയിൽ നിന്ന്‌ ഇക്കാര്യം പുറത്തറിയുന്നത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികളും തങ്ങൾക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു.

തുടർന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽ നിന്ന്‌ മൊഴി രേഖപ്പെടുത്തി.

Leave A Reply