ചരിത്രദൗത്യത്തിലേക്ക് ഇന്ത്യ; ഇനി മണിക്കൂറുകള്‍; ചന്ദ്രയാൻ കുതിച്ചുയരുന്നത് തിങ്കളാഴ്ച പുലർച്ചെ 2.51ന്

ഹൈദരാബാദ്: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം. രാവിലെ ആറ് അൻപത്തിയൊന്നിന് കൗണ്ട് ഡൌൺ ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് അൻപത്തിയൊന്നിന് ശ്രീഹരിക്കോട്ടയിൽനിന്നാണ് ചാന്ദ്രയാൻ രണ്ട്‌ കുതിച്ചുയരുക. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ വിജയ വാർത്തയ്ക്ക് കാതോർക്കുകയാണ് രാജ്യം.

ഒരുക്കങ്ങൾ പൂർണ്ണമായി കഴിഞ്ഞു. ലോകമെങ്ങുമുള്ള ബഹിരാകാശ ഗവേഷകർ ഇമ ചിമ്മാതെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. അകലെ കാണുന്ന അമ്പിളി മാമനെ അടുത്തറിയാൻ ഭാരതത്തിന്റെ പേടകം പുലർച്ചെ 2.51ന് കുതിച്ചുയരും. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്നാണ് ചാന്ദ്രയാൻ പ്രയാണം തുടങ്ങുക. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുകയാണ്.

ഇന്ത്യ ഇതുവരെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റുകളെക്കാള്‍ വലുപ്പവും ശക്തിയുമുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3യാണ് ചന്ദ്രയാന്‍ പേലോഡിനെ ചന്ദ്രനിലേക്ക് എത്തിക്കുക. സ്വന്തം സാങ്കേതിക വിദ്യയുടെ മികവുകൂടി ഉപയോഗിച്ച് തിരുവനന്തപുരം വലിയമലയിലെ ലിക്ക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്‍റര്‍ ആണ് ഈ കൂറ്റന്‍ റോക്കറ്റ് നിര്‍മ്മിച്ചത്.

ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ ദൗത്യമാണ് ചാന്ദ്രയാൻ രണ്ട്. 3290 കിലോ ഭാരമുള്ള പേടകത്തെ ലക്ഷ്യത്തിൽ എത്തിക്കുന്നത് ബാഹുബലിയെന്നു ഇരട്ടപ്പേരുള്ള ജി.എസ്.എല്‍ വി മാര്‍ക്ക് ത്രി റോക്കറ്റ് ആണ്. 384,400 കിലോമീറ്റർ സഞ്ചരിച്ചു ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്താൻ പേടകത്തിന് 53 ദിവസം വേണം. സെപ്‌തംബർ ആറിന് പേടകം ചന്ദ്രനിൽ ‘സോഫ‌്റ്റ‌് ലാൻഡ‌്’ ചെയ്യും. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള വിശദമായ പഠനമാണ് ദൗത്യത്തിന്റെ ലക്‌ഷ്യം. ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാൻ ഒന്ന് പേടകമായിരുന്നു. പത്തു വർഷങ്ങൾക്കു ശേഷം കൂടുതൽ രഹസ്യങ്ങൾ തേടി ഇന്ത്യൻ പേടകം ചന്ദ്രനെ ലക്ഷ്യമിട്ടു പ്രയാണം തുടങ്ങുന്നു.

Leave A Reply