വിവാഹ ചടങ്ങിനിടെ ടൗണ്‍ഹാളിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ഇടുക്കി:  വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വന്‍ തീപിടുത്തം. ഇന്നുച്ചക്ക് ഒന്നരയോടെയാണ് ടൗണ്‍ഹാളിന്റെ രണ്ടാം നിലയില്‍ തീപിടുത്തം ഉണ്ടായത്. അപകടസമയം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 1500ഓളം പേര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു.

മുകളിലത്തെ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ചടങ്ങിനെത്തിയ ആളുകളെ മുഴുവന്‍ വേഗം തന്നെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കടകളില്‍ നിന്നും സൂക്ഷിച്ച പ്ലാസ്റ്റിക് കവറുകളിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.

പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റെത്തി മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave A Reply