ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം; ജേസണ്‍ റോയ് പുറത്ത്

ലോഡ്‌സ്: കിവികളുയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി ജേസണ്‍ റോയി പുറത്ത്. 17 റണ്‍സെടുത്ത താരത്തെ മാറ്റ് ഹെന്റിയാണ് പുറത്താക്കിയത്.  ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 28 റണ്‍സിന്റെ കൂട്ടുകട്ടുണ്ടാക്കാനെ റോയിക്ക് കഴിഞ്ഞുള്ളു. മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് റോയ് 17 റണ്‍സെടുത്തത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ 28 ന് 1 എന്ന നിലയിലാണ് ആതിഥേയര്‍. 10 റണ്‍സോടെ ബെയര്‍സ്‌റ്റോയും ജോ റൂട്ടുമാണ് ക്രീസില്‍.

നേരത്തെ നിശ്ചിത അമ്പത് ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് കിവികള്‍ 241 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ നിക്കോള്‍സിന്റെയും (77 പന്തില്‍ 55), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ടോം ലാഥമിന്റെയും (55 പന്തില്‍ 47) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു കിവികള്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ലോഡ്‌സിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് അവസാന ഓവറുകളില്‍ പോലും ബൗണ്ടറി നേടാനായില്ല. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിര്‍ണായകം. ക്രിസ് വോക്‌സ് ഒമ്പത് ഓവറില്‍ 37 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave A Reply