കനത്ത മഴ: ഹിമാചലില്‍ കെട്ടിടം തകര്‍ന്നു; രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡൽ‌ഹി:  കനത്ത മഴയെ തുടർന്ന്  ഹിമാചൽ പ്രദേശിൽ ബഹുനിലകെട്ടിടം തകർ‌ന്നുവീണ് രണ്ടു മരണം. ഒരു ഇന്ത്യൻ സൈനികനും സ്ത്രീയുമാണ് മരിച്ചത്. സൈനികരുൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഷിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സോളനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നിരവധി പേർ കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. 23 ഓളം പേരേ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്നാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നുവീണതെന്നാണ് നിഗമനം. ഉത്തരാഖണ്ഡിലേക്ക് കുടുംബത്തോടൊപ്പം പോകുംവഴി ഭക്ഷണം കഴിക്കാൻ കയറിയ സൈനികരാണ് അപകടത്തിൽപ്പെട്ടത്.

മുപ്പത് സൈനികരും ഏഴ് പ്രദേശവാസികളും സംഭവസമയത്ത് ഭക്ഷണശാലയില്‍ ഉണ്ടായിരുന്നു. രക്ഷപെടുത്തിയ 23 പേരില്‍ 18 പേര്‍ സൈനികരാണ്. പതിനാലുപേര്‍ ഇവിടെ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Leave A Reply