പഞ്ചാബ് മന്ത്രിസ്ഥാനം രാജി വച്ച് നവ്‍ജോത് സിംഗ് സിദ്ദു; കാരണം മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നത

ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ 10 ന് അയച്ച കത്ത് സിദ്ദു ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു.  ജൂണ്‍ 10-ന് രാജിവെക്കുന്നുവെന്ന് അറിയിച്ച് സിദ്ദു രാഹുലിന് കത്തയച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരേയും വന്നിട്ടില്ല.

മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നഷ്ടപ്പെട്ടിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയില്‍ നിന്ന് രാജിവെച്ച് 2017-ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കാനിടയാക്കിയിരുന്നു.

തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സിദ്ദുവിനെ തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയതുൾപ്പടെ പാർട്ടിയിലെ തമ്മിലടിയുടെ ഭാഗമായാണ് രാജി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പഞ്ചാബിൽ നടന്ന ആദ്യ മന്ത്രിസഭാ യോഗം സിദ്ദു ബഹിഷ്കരിച്ചതു ചർച്ചയായിരുന്നു.
പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു.

 

Leave A Reply