ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാലിനെ മാറ്റി; പകരം ബിഎല്‍ സന്തോഷ്‌

ന്യൂഡൽഹി:  ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു രാം ലാലിനെ മാറ്റി. ആര്‍എസ്എസ് പ്രചാരണവിഭാഗം സഹകണ്‍വീനറായാണ് പുതിയ നിയമനം. വിജയവാഡയില്‍ ചേര്‍ന്ന ആര്‍എസ്എസ് പ്രചാരക് യോഗത്തിലാണ് തീരുമാനം. പകരം സംഘടന ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു.  നിലവില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷ്.

ഏറ്റവും കൂടുതല്‍ കാലം ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന ശേഷമാണ് ആര്‍എസ്എസിലേക്കുള്ള രാം ലാലിന്റെ മടക്കം. ജിന്ന അനുകൂല പരാമര്‍ശത്തെത്തുടര്‍ന്ന് എൽ.കെ.അഡ്വാനി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2006ലാണ് രാം ലാല്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. അധ്യക്ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും സുപ്രധാന പദവിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗോവിന്ദാചാര്യ തുടങ്ങിയവർ മുന്‍പ് വഹിച്ചിരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി പദം. ആര്‍എസ്എസിനെയും ബിജെപിയെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി.

സഹസംഘടന ജനറല്‍ സെക്രട്ടറി വി സതീഷിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി  നിയമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. മുന്‍പ് കേരളത്തിലെ നേതാക്കള്‍ സന്തോഷിനെതിരെ പലവട്ടം ദേശീയനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് സന്തോഷ് കെ.സുരേന്ദ്രനെ നിര്‍ദേശിച്ചതായി വാര്‍ത്ത വന്നതും ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു.

Leave A Reply