പ്രവാസ ജീവിതത്തിന്റെ ദുരിതത്തിനൊടുവിൽ ഒൻപത് വർഷത്തിനു ശേഷം മോഹനൻ നാട്ടിലേക്ക്

ദമാം: ഒൻപത് വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി മോഹനൻ നാരായണൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി. അൽ ഖോബാറിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മോഹനന് കമ്പനിയിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

രണ്ടു വർഷം മുൻപ് ജോലിക്കിടെ അപകടത്തിൽ പരുക്കേൽക്കുകയും ജോലി ചെയ്യാൻ കഴിയാതെ ഒന്നര വർഷത്തോളം ചികിത്സയിൽ കഴിയുകയുമായിരുന്നു. ഇക്കാലയളവിലെ ശമ്പളം മുടങ്ങിയതും ശാരീരിക പ്രയാസങ്ങളും മോഹനന്റെ പ്രവാസ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. ഇതിനിടെ മോഹനന്റെ വരവും കാത്ത് നാട്ടിൽ മകളുടെ വിവാഹ തിയതി മൂന്നു തവണ നീട്ടിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി.

സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക്‌ പ്രസിഡന്റ് അഷറഫ് മേപ്പയ്യൂർ, ജനറൽ സെക്രട്ടറി ഷാൻ ആലപ്പുഴ എന്നിവർ മോഹനനെ ക്യാംപിൽ സന്ദർശിക്കുകയും സഹായം ഉറപ്പു നൽകുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി, എസ്ഡിപിഐ കോട്ടയം ജില്ലാക്കമ്മിറ്റിയംഗം അൻസാരി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അൻസാരി, സക്കീർ, നിയാസ് പായിപ്പാട് എന്നിവർ നാട്ടിൽ മോഹനന്റെ കുടുംബത്തെ സന്ദർശിച്ച് എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഷാൻ ആലപ്പുഴ, അഷ്റഫ് മേപ്പയ്യൂർ, അമീൻ പുത്തനത്താണി, ഷാജഹാൻ കൊല്ലം, സമാൻ എന്നിവർ നിയമവശങ്ങളെ കുറിച്ച് പഠിക്കുകയും മോഹനനെ നാട്ടിലയക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു. മോഹനനുള്ള യാത്രാ രേഖകളും വിമാന ടിക്കറ്റും സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി അൻസാർ കോട്ടയം, ഫോറം തുക്ബ ബ്ലോക്ക്‌ കമ്മിറ്റി അംഗം ഷറഫുദ്ദീ ൻ എടപ്പാൾ എന്നിവർ ചേർന്ന്‌ കൈമാറി.

കഴിഞ്ഞ ദിവസം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലെത്തിയ മോഹനൻ നാരായണനെ കുടുംബാംഗങ്ങളും എസ്ഡിപിഐ നേതാക്കളും ചേർന്ന് സ്വീകരിച്ചു. ദുരിതക്കയത്തിൽ നിന്ന് തന്നെ കരകയറ്റിയ ഇന്ത്യൻ സോഷ്യൽ ഫോറം, എസ്ഡിപിഐ പ്രവർത്തകർക്ക് മോഹനനും കുടുബവും നന്ദിയറിയിച്ചു.

Leave A Reply