ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടിയുമായി ഖത്തർ

ഖത്തർ: വേനല്‍കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടിയുമായി ഖത്തർ. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍മന്ത്രാലയം തീരുമാനിച്ചു.

ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഖത്തറില്‍ വേനല്‍കാല ഉച്ച വിശ്രമനിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് രാവിലെ 11.30 മുതല്‍ ഉച്ച തിരിഞ്ഞ് 3 മണിവരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമം ലംഘിച്ചുകൊണ്ട് ഉച്ച സമയത്തും തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ച തൊണ്ണൂറ്റിയേഴ് കമ്പനികളെയാണ് മന്ത്രാലയത്തിന്‍റെ പരിശോധന സംഘം പിടികൂടിയത്. നിര്‍മ്മാണ, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നിന്നുള്ള കമ്പനികളാണിവ.

മന്ത്രാലയത്തിന്‍റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് മുഴുവന്‍ കമ്പനികളുടെയും വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് പൂട്ടിയിടാന്‍ മന്ത്രാലയം ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം ഈ തീരുമാനം എടുത്തതെന്നും മുഴുവന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. തൊഴില്‍മന്ത്രാലയം നിയോഗിച്ച ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply