പ്രസംഗത്തിനിടെ ആർപ്പുവിളി നിർത്താതെ മോഹൻലാൽ ആരാധകർ; പ്രതികരിച്ച് മുഖ്യമന്ത്രി

പാലക്കാട്: ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ ആര്‍പ്പുവിളികളോടെ ആരാധകര്‍ വരവേറ്റതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. ആരാധകരുടെ ആര്‍പ്പുവിളി തുടര്‍ന്നതോടെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അസ്വസ്ഥനായി. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ആരാധകരെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയും മോഹന്‍ലാലും ഒരുമിച്ചാണ് ഉദ്ഘാടന വേദിയിലെത്തിയത്. നടനെ കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി. കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും അവര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴും ആര്‍പ്പുവിളി ഉയര്‍ന്നു. ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.

ഇതു സാധാരണ ഉണ്ടാവുന്നതാണ്. ‘ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല. മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഇൗ ഒച്ചയിടുന്നവർ‌ക്ക് അതിനപ്പുറം ഒന്നുമില്ല. അവർ ഇത് അവസാനിപ്പിക്കുകയുമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാമതി..’ പിണറായി വിജയൻ പറഞ്ഞു.  –

ആരോഗ്യമേഖലയെപ്പറ്റി കൂടുതല്‍ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതല്‍ സംസാരിക്കുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി വേഗത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു നടന്‍ മോഹന്‍ലാലിന്റെ പ്രസംഗം.

Leave A Reply