പിന്തുണച്ചവരെ തരംതാഴ്ത്തി; ശശിക്കെതിരായ പരാതിക്കാരി രാജിവച്ചു

പാലക്കാട്: പാലക്കാട് ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി. പി.കെ ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജിവെച്ചു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല കമ്മിറ്റി അംഗമാണ് യുവതി. പി.കെ ശശിക്കെതിരെ നിലപാടെടുത്തവരെ തരം താഴ്ത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഭാരവാഹികളെ മാറ്റാനും നിര്‍ദേശിച്ചിരുന്നു.

യുവതിക്കൊപ്പം നിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. കൂടാതെ നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്. എലപ്പുള്ളിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠനക്യാപിനൊപ്പം ചേർന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.

വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്ത സി.പി.ഐ.എമ്മിന്റെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. നവംബര്‍ 26നാണ് ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ പി.കെ ശശിയെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ.

 

Leave A Reply