ചരിത്രമുറങ്ങുന്ന എടക്കല്‍ ഗുഹകള്‍……….

വടക്കന്‍ കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 10 km അകലെ നെന്മേനി പഞ്ചായത്തില്‍ അമ്പലവയലില്‍ അമ്പുകുത്തി മലയിലുള്ള എടക്കല്‍ ഗുഹകള്‍ ഒരു ചരിത്ര സ്‌മാരകം തന്നെയാണ്. മനുഷ്യവാസത്തിന്റെ ആദികേന്ദ്രങ്ങളിലൊന്നായി കരുതാവുന്ന ഇടയ്ക്കല്‍ ഗുഹകളില്‍ ശിലാലിഖിതങ്ങളും കല്ലില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളും മനുഷ്യരുടെ പ്രത്യേക കേശാലങ്കാരങ്ങളും സ്വസ്തിക രൂപം, ചക്രം, വില്ല്, കത്തി, വൃക്ഷം എന്നിവയുടെ ചിത്രണങ്ങളും കാണാം.

കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശിലാ ലിഖിതങ്ങൾ എടക്കൽ ഗുഹകളിൽ നിന്നുള്ളതാണ്. കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെ സൂചിപ്പിക്കുന്നവയാണ്. ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌ ഇവ. എടക്കൽ ഗുഹാചിത്രങ്ങൾ പ്രാചീനശിലായുഗത്തിന്റെ അന്ത്യത്തിലുള്ള ചെറു ശിലായുഗത്തിലാണ്‌ ഉണ്ടായത്. ദക്ഷിണേന്ത്യയിൽ ഇത് ക്രി.മു. 10000 മുതൽ 4000 വരെയാണ്‌. 4000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു കരുതുന്ന ഈ രീതിയിലുള്ള ഗുഹാചിത്രങ്ങള്‍ പിന്നീടു കണ്ടെത്തിയിട്ടുള്ളത് സിറിയയിലെ യൂറോപ്യന്‍ ആല്‍പ്‌സിലും ആഫ്രിക്കയിലെ പാറ നിറഞ്ഞ ചില പ്രദേശങ്ങളിലും മാത്രമാണ്.

ഭൂമിശാസ്ത്രപരമായി ഒരു ഗുഹ അല്ല എടക്കൽ ഗുഹകൾ. മറിച്ച്, മലയിലെ പാറകളിലെ 96 അടി നീളവും 22 അടി വീതിയുമുള്ള ഒരു വിടവാണ് ഇത്. മുകളിൽ നിന്ന് ഒരു വലിയ പാറ വന്നു വീണ് ഒരു മേൽക്കൂര തീർത്ത് ഗുഹയുടെ പ്രതീതി ജനിപ്പിക്കുന്നു.

പാറയിൽ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങൾ ശിലായുഗത്തിൽ സാംസ്കാരികമായി വളരെ ഉയർന്ന ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവാണ്.

പാറകൾക്കിടയിലെ, അഥവാ പാറയുടെ നടുവിൽ ഉണ്ടായ വിള്ളലിലേക്ക് ഇടയിലേക്ക് മുകളിൽ നിന്ന് വീണു കിടക്കുന്ന ഒരു വലിയ കല്ലാണ്‌ എടക്കൽഎന്ന പേരിന്നാധാരം. ഇടയ്‌ക്കൽ എന്ന പേരിലും ഈ ഗുഹകൾ അറിയപ്പെടാറുണ്ട്. 98 അടി നീളവും 22 അടി വീതിയുമുള്ള ഈ വിള്ളലാണ്‌ ഗുഹയെ രൂപപ്പെടുത്തുന്നത്, ഇതിന്‌ മുപ്പതടിയോളം ഉയരവുമുണ്ട്.

ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകൾക്ക് ലോകശ്രദ്ധ ലഭിക്കുന്നത് 1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റിൻെറ നീക്കങ്ങളിൽ നിന്നാണ്. പല കാലഘട്ടങ്ങളിലായി ആണ് ഇടക്കൽ ഗുഹകളിൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ തന്റെ നായാട്ടുകൾക്ക് ഇടയ്ക്കാണ് ഈ ഗുഹകൾ കണ്ടെത്തിയത്.ആദിവാസികളായ മുള്ളുക്കുറുമരുടേയും പണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കി അദ്ദേഹംഎടക്കൽ ഗുഹകൾ തേടിയെത്തി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി.

Leave A Reply