സൗമ്യ വധം : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് അരുംകൊല

മാവേലിക്കര : വള്ളികുന്നത്ത് പൊലീസുകാരി സൗമ്യയെ ചുട്ടുകൊല്ലാന്‍ കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതെന്ന് പൊലീസ്. വിവാഹത്തിന് വഴങ്ങാന്‍ സൗമ്യയെ അജാസ് നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തതാണ് കൊലയ്ക്ക് കാരണമത്രെ . സൗമ്യ അജാസിന് നല്‍കാനുള്ള ഒന്നരലക്ഷം തിരികെ നല്‍കിയിട്ടും വാങ്ങിയില്ല. പണം നല്‍കാന്‍ അമ്മയുമൊത്ത് സൗമ്യ രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെത്തി. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടാക്കിയത് അജാസാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, മാവേലിക്കര വള്ളികുന്നത്ത് കൊല്ലപ്പെട്ട വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യക്ക് പ്രതി അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്‍ പറഞ്ഞു. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസാണ് കാരണമെന്നു പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പോലീസിനോട് പറയാൻ അമ്മ പറഞ്ഞുവെന്നും സൗമ്യയുടെ മൂത്ത മകൻ പറഞ്ഞു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടന്നു .

ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി.കോരയ്ക്കാണ് അന്വേഷണചുമതല. ഇരുവരും തമ്മിലുള്ള ബന്ധവും അടുപ്പവും അന്വേഷിച്ചുവരികയാണെന്നും ആലപ്പുഴ എസ്. പി. കെ.എം.ടോമി പറഞ്ഞു.

Leave A Reply