വിവാഹം വേണ്ട, പഠിക്കണം ; 15കാരിയ്‌ക്ക്‌ പിതാവിന്റെയും സഹോദരന്റെയും ക്രൂരമര്‍ദ്ദനം

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിൽ വിവാഹത്തിന്‌ വിസമ്മതിച്ച 15കാരിയെ പിതാവും സഹോദരനും ചേര്‍ന്ന്‌ ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന്‌ ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ്‌ സംഭവം നടന്നത് .

തനിക്ക്‌ ഇപ്പോൾ വിവാഹത്തിന്‌ സമ്മതമല്ലെന്നും പഠനം തുടരണമെന്നുംനിലപാട് എടുത്തതിനാലാണ് പിതാവും സഹോദരനും ചേര്‍ന്ന്‌ മര്‍ദ്ദിച്ചതെന്ന്‌ പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു. സമീപത്തുള്ള കനാലിന്‌ അടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മർദ്ദനം . തന്റെ കഴുത്തില്‍ തുണിച്ചുറ്റിപ്പിടിച്ച്‌ സഹോദരന്‍ ശ്വാസംമുട്ടിച്ചു. പിന്നില്‍ നിന്ന്‌ പിതാവ്‌ കത്തി കൊണ്ട്‌ തുടരെ കുത്തി. അരുതെന്ന്‌ എത്ര അപേക്ഷിച്ചിട്ടും തന്റെ നിലവിളി അവഗണിച്ചെന്നും പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു.

ഗുരുതര പരുക്കേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ കനാലില്‍ തള്ളിയ ശേഷം ഇരുവരും പോയി. ഒരുവിധത്തിലാണ്‌ പെണ്‍കുട്ടി നീന്തി രക്ഷപ്പെട്ടത്‌. സംഭവം പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. രണ്ടുമാസമായി തങ്ങള്‍ക്കൊപ്പമാണ്‌ പെണ്‍കുട്ടി താമസിച്ചിരുന്നതെന്നും കഴിഞ്ഞ ദിവസം പിതാവെത്തി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും അയാള്‍ പറഞ്ഞു. കനാലിന്‌ സമീപം തളർന്ന രീതിയിൽ കാണപ്പെട്ട പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ സഹായത്തോടെ ബന്ധുവാണ് ആശുപത്രിയിലെത്തിച്ചത്‌.

Leave A Reply