ധോണി ടിക്കറ്റ് നൽകി; ഇന്ത്യക്ക് പിന്തുണയുമായി പാകിസ്ഥാൻകാരനായ ‘ചാച്ച ഷിക്കാഗോ’ മാഞ്ചസ്റ്ററിലെത്തി

ലണ്ടൻ: ഇത്തവണയും ഷിക്കാഗോയിൽ നിന്ന് പാകിസ്ഥാൻകാരനായ ‘ചാച്ച ഷിക്കാഗോ’ മാഞ്ചസ്റ്ററിലെത്തി. അതും ധോണിയെ മാത്രം വിശ്വസിച്ച്. കാരണം 2011 മുതൽ ഇന്ത്യ–പാക്ക് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ചാച്ചയ്ക്ക് എടുത്തു നൽകുന്നത് ധോണിയാണ്. കറാച്ചിയിൽ ജനിച്ച മുഹമ്മദ് ബാഷിർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് ചാച്ച ഷിക്കാഗോ എന്നാണ്. 2011 ലോകകപ്പിൽ ധോണി ടിക്കറ്റെടുത്തു നൽകിയതോടെയാണ് ‘ചാച്ച ഷിക്കാഗോ’ ഹിറ്റായത്.

സച്ചിൻ തെൻഡുൽക്കറുടെ കടുത്ത ആരാധകനായ ഇന്ത്യൻ ഫാൻ സുധീർ കുമാർ ഗൗതമാണ് ചാച്ചയുടെ അടുത്ത കൂട്ടുകാരൻ. ഇന്ത്യൻ ടീം നൽകിയ ടിക്കറ്റുമായി സുധീർ നാളെ മത്സരം കാണുമ്പോൾ ധോണി നൽകിയ ടിക്കറ്റുമായി ചാച്ചയും ഗാലറിയിലുണ്ടാകും. കുറച്ചു കാലങ്ങളായി ഇന്ത്യ– പാക്ക് മത്സരങ്ങളുണ്ടാകുമ്പോൾ ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടൽ മുറിയിലാണ്. ഇത്തവണയും അതിനു മാറ്റമില്ല. ‘അല്ലാഹുവിന്റെ കൃപ. എനിക്ക് അത്യാവശ്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിയുണ്ട്. ഇതുകൊണ്ട് ഞാൻ റൂം ബുക്ക് ചെയ്യും’– ചാച്ച പറഞ്ഞു. ഷിക്കാഗോയിൽ റസ്റ്ററന്റ് നടത്തുന്ന ചാച്ചയ്ക്ക് അമേരിക്കൻ പാസ്പോർട്ടുമുണ്ട്.

2011 ലോകകപ്പിൽ മൊഹാലിയിൽ നടന്ന ഇന്ത്യ–പാക്ക് സെമിഫൈനലിന് ടിക്കറ്റ് നൽകിയതോടെയാണ് ധോണിയും ചാച്ചയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ധോണിക്ക് തിരക്കായിരിക്കും എന്നതിനാൽ ഫോൺ വിളിക്കാതെ, മെസേജുകൾ വഴിയാണ് ബന്ധം നിലനിർത്തുകയെന്ന് ചാച്ച പറയുന്നു. ‘ഇന്നലെയാണ് ഞാൻ ഇവിടെ എത്തിയത്. മാച്ച് ടിക്കറ്റിനായി 800–900 പൗണ്ട് വരെ നൽകാൻ ആളുകൾ തയാറായി നിൽക്കുന്നതു കണ്ടു. ഏകദേശം ഷിക്കാഗോയിലേക്കുള്ള മടക്ക ടിക്കറ്റിന്റെ അത്രയും തുക. പക്ഷേ, ടിക്കറ്റിന്റെ കാര്യം ധോണി എനിക്കു നേരത്തെ തന്നെ ഉറപ്പു തന്നിരുന്നു’– അറുപത്തിമൂന്നുകാരനായ ചാച്ച പറഞ്ഞു.

ഇത്തവണ ധോണിക്കു നൽകാൻ ഒരു സമ്മാനം ചാച്ച കൊണ്ടു വന്നിട്ടുണ്ട്. ധോണിയോടുള്ള ഇഷ്ടം കാരണം ഇന്ത്യൻ ടീമിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും പാക്കിസ്ഥാൻ ടീമുമായും ചാച്ചയ്ക്ക് അടുത്ത ബന്ധമാണ്. ഇന്നലെ തന്നെ ടീം താമസിക്കുന്ന ഹോട്ടലിലെത്തി കളിക്കാരെ കണ്ടു. ഇനി ഇന്ത്യൻ ടീമിനെയും കാണണം.

ഇന്ത്യയുമായുള്ള ചാച്ചയുടെ ഇഷ്ടത്തിന് ധോണി മാത്രമല്ല കാരണം. ചാച്ചയുടെ ഭാര്യ ഹൈദരാബാദുകാരിയാണ്. പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെയും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെയും പോലെയാണ് തങ്ങളെന്ന് ചാച്ച അഭിമാനത്തോടെ പറയുന്നു.

Leave A Reply