ഒരു കാലത്ത് ഗ്രാമീണ കവലകളുടെ സാംസ്കാരിക സംഗമ വേദി എന്നു തന്നെ പറയാവുന്ന ഇടങ്ങളായിരുന്നു മാടക്കടകൾ.  പത്രം വായിക്കാനും കുട്ടുകാരുമായി സൊറ പറയാനും ഒക്കെയായി നാൽക്കവലകളിൽ യുവാക്കളും വൃദ്ധരുമെല്ലാം ഒത്തു കുടിയിരുന്നതും ചൂടറിയ സാഹിത്യ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായിരുന്നതുമായ മാടക്കടകൾ അതത് പ്രദേശങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ നിലപാടുകൾക്ക് രൂപം നൽകുന്നതിലും ഏറെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

എന്നാൽ ഇക്കാലത്ത് ഉണ്ടായ സൂപ്പർ മാർക്കറ്റ് സംസ്കാരത്തിൽ ദാരിദ്രത്തിന്റെ പ്രതീകമായി കണ്ട് മടക്കടകളെയും ചവറ്റുകുട്ടയിലെറിയുകയായിരുന്നു. എന്നാൽ കുറഞ്ഞ കാലത്തെ ഇടവേളക്ക് ശേഷം മാടക്കടയുടെ മടങ്ങിവരവിനെ ഒരു മാസ് എൻട്രി എന്ന് വിശേഷിപ്പിച്ചാലും ഒട്ടും അതിശയോക്തിയില്ല. ഇപ്പോൾ സംഘടിപ്പിക്കുന്ന ആഡംബര പാർട്ടികളിലെല്ലാം ആഡംബരത്തിന്റെ അവസാന വാക്കായാണ് മാടക്കടകൾ സ്ഥാനം പിടിച്ചിട്ടുള്ളത്.

മധ്യ പ്രായമായവർക്ക് ഗൃഹാതുരത്വമുണർത്തുന്ന തരത്തിൽ ഓല മേഞ്ഞ മാടക്കട പഴയ സിനിമാ പോസ്റ്ററും വട്ട് സോഡയും വിൽപ്പനക്കായി തൂക്കിയിട്ടിരിക്കുന്ന വാരികകളും എല്ലാം കണ്ടു മറന്ന പഴയ മാടക്കട തന്നെ. ഒരു തലമുറയെ ആകെ കൊതിപ്പിച്ച തേൻ മിഠായിയും , കപ്പലണ്ടി മിഠായി, നാരങ്ങാ മിഠായി, ഗ്യാസ് മിഠായി, എന്നിവയും കപ്പലണ്ടി, കടല പൊരി, എന്ന് വേണ്ട പഴയ മാടക്കടകളിൽ ഉള്ള പാളയംകോടൻ പഴം വരെ രണ്ടാം വരവിലും മടക്കടകളിൽ നിരന്നിട്ടുണ്ട്. മാടക്കടകളിലെ എല്ലാക്കാലത്തെയും മാസ്റ്റർ പീസായ സോഡാ നാരങ്ങ സർബത്ത് തന്നെയാണ് ഇന്നും ഏറെ ചിലവാകുന്ന മാടക്കട വിഭവം. ഒരു കാലത്ത് മലയാളികൾ തള്ളിക്കളഞ്ഞ കേരളീയ നൻമ്മകളുടെ രണ്ടാം വരവിന്റെ ഭാഗമാണ് മാടക്കടകളുടെ രണ്ടാം വരവെന്ന് കരുതപ്പെടുന്നു.

Leave a comment