മഴക്കെടുതി; 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തൃശൂർ : ജില്ലയിൽ മഴക്കെടുതി ഏറ്റവും രൂക്ഷമായ കൊടുങ്ങല്ലൂർ താലൂക്കിൽ 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കടലാക്രമണം നാശം വിതച്ച മേഖലകളിൽ തുറന്ന ക്യാമ്പുകളിലായി 29 കുട്ടികളടക്കം 423 പേരാണ് കഴിയുന്നത്. എറിയാട് വില്ലേജിൽ കടൽകയറ്റം രൂക്ഷമായതിനെ തുടർന്ന് എറിയാട് ബീച്ച്, മണപ്പാട്ടുച്ചാൽ, ചേരമാൻ ബീച്ച്, ആറാട്ടുവഴി, പേബസാർ എന്നിവിടങ്ങളിൽ നിന്നും 113 പേരെയാണ് എറിയാട് കേരളവർമ്മ ഹയർസെക്കണ്ടറി സ്‌കൂളിൽ തുറന്നിട്ടുള്ള ക്യാമ്പിലേക്ക് മാറ്റിയത്. 407 പേരാണ് ഇവിടെ കഴിയുന്നത്. എടവിലങ്ങ് വില്ലേജിൽ നാല് കുടുംബങ്ങളിലായി 16 പേരെ കാര സെന്റ് ആൽബന സ്‌കൂൾ ക്യാമ്പിലേക്ക് മാറ്റി.
കടലേറ്റം രൂക്ഷമാകുന്ന ചാവക്കാട് താലൂക്കിൽ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സുനാമിഷെൽട്ടറുകൾ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയതിനാൽ ആരും താമസത്തിനെത്തിയിട്ടില്ല. മേഖലയിലെ കടൽഭിത്തിക്ക് സമീപമുള്ള വീടുകൾക്ക് പിറകിൽ തിരമാലകൾ ആഞ്ഞടിക്കുന്നത് മൂലമാണ് ഈ ഭാഗത്തുള്ള വീടുകൾ സുരക്ഷാഭീഷണി നേരിടുന്നത്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലയിൽ നിന്ന് ഒഴിയാനുള്ളവർ എത്രയും പെട്ടെന്ന് വീടൊഴിയണമെന്ന് തഹസിൽദാർ അറിയിച്ചു.

Leave A Reply