ബാലഭാസ്കർ : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി. അജി നൽകിയ മൊഴിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം : ബാലഭാസ്കറിന്റേത് ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോൾ ഉണ്ടായ അപകടമാകാമെന്ന് ദൃക്സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി. അജി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത് വീണ്ടും ആശയക്കുഴപ്പമാകുന്നു . അപകടം നേരില്‍ കണ്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങിനെയാണ്. ആറ്റിങ്ങലില്‍ വച്ച് ബാലഭാസ്കറിന്റെ കാര്‍ അജിയുടെ ബസിന്റെ മുന്നില്‍ കയറി. അതിന്റെ മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകടസ്ഥലത്തിന് അരകിലോമീറ്റര്‍ മുന്‍പ് ഒരു കണ്ടെയ്നര്‍ ലോറിയെ ഈ മൂന്ന് വാഹനങ്ങളും മറികടന്നു. അതിന് ശേഷം വെള്ളക്കാർ മുന്നോട്ട് പോയെങ്കിലും ബാലഭാസ്കറിന്റെ കാര്‍ ഇടത് വശത്ത് നിന്ന് വലത്തേക്ക് തെന്നിമാറി മരത്തിലിടിച്ച് കയറി.

ഈ മൊഴിയില്‍ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്ന ഏറ്റവും പ്രധാന കാര്യം ആറ്റിങ്ങല്‍ മുതല്‍ അപകടം വരെ ദുരൂഹതയുണര്‍‍ത്തുന്നത് ഒന്നും സംഭവിച്ചില്ലെന്നതാണ്. വെള്ളകാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത ഒരു യാത്രക്കാറെന്നാണ് മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവര്‍ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്ന് വര്‍ഷങ്ങളുടെ ഡ്രൈവിങ് പരിചയമുള്ള അജി സാക്ഷ്യപ്പെടുത്തുന്നത് മുഖവിലക്കെടുക്കാമെന്നും കരുതുന്നു.

അതേസമയം പൊരുത്തക്കേടായി തുടരുന്നത് ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്കറെയാണെന്ന മൊഴിയാണ്. എന്നാല്‍ ബാലഭാസ്കറെ അറിയില്ലെന്നും പിറ്റേദിവസം വാര്‍ത്ത കണ്ടപ്പോഴാണ് അപകടത്തില്‍പെട്ടത് ബാലഭാസ്കറുടെ വാഹനമാണെന്ന് മനസിലായതെന്നും അജി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവറെ സംബന്ധിച്ച മൊഴി സംശയനിഴലില്‍ തന്നെയാണ്. അതേസമയം ബാലഭാസ്കര്‍, പ്രകാശന്‍ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപവും വസ്തുവകകളുെടയും വിവരം തേടി ബാങ്കുകള്‍ക്കും കലക്ടര്‍മാര്‍ക്കും ക്രൈംബ്രാഞ്ച് കത്ത് നല്‍കും. ആരോപണ വിധേയരുടെയെല്ലാം സാമ്പത്തിക സ്രോതസ് പരിശോധിക്കാന്‍ അന്വേഷണസംഘം റിസര്‍വ് ബാങ്കിന്റെയും റവന്യൂവകുപ്പിന്റെയും സഹായം തേടി.

Leave A Reply