ക്വലാലംപുര്‍: മലേഷ്യയില്‍ അജ്ഞാത രോഗത്തേ തുടര്‍ന്ന് 12 പേര്‍ മരിച്ചു . രാജ്യത്തെ കെലാന്തന്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശത്താണ് രോഗം വ്യാപിക്കുന്നത് . അതെ സമയം എന്തുതരം രോഗമാണ് ഇതെന്ന് മലേഷ്യന്‍ ആരോഗ്യ അധികൃതര്‍ക്ക് അറിവായിട്ടില്ല . പ്രദേശത്തെ ഗോത്രവര്‍ഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്തരത്തിൽ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ തീരുമാനം. 14 പേരില്‍ രണ്ടുപേര്‍ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണത്തിന് കാരണമായ രോഗം ഏതാണെന്ന് കണ്ടെത്താന്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.

12 പേര്‍ മരിച്ച രോഗത്തിന് സമാനമായ ലക്ഷണങ്ങളോടെ 83 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 46 പേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അജ്ഞാത രോഗംമൂലം ആളുകള്‍ മരിച്ചതായുള്ള വിവരം കഴിഞ്ഞ ആഴ്ചയാണ് അധികൃതർ പുറത്തു വിട്ടത് . മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കുടിവെള്ളം മലിനമായതാണ് രോഗത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Leave a comment