നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ്‌ 2031 ; ജനങ്ങളുടെ ജീവിത നിലവാരമുയർത്താൻ 12 വര്‍ഷ പദ്ധതിയുമായി യു.എ.ഇ

അബുദാബി: രാജ്യത്തെ പൊതു ജനങ്ങളുടെ ജീവിത നിലവാരമുയർത്തുന്ന 12 വർഷത്തെ പദ്ധതിക്ക് യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകി. തൊഴിൽ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി യുഎഇയിലേക്ക് കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ്‌ 2031 പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നൂതന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ഗുണപരമായരീതിയിൽ ജീവിതനിലവാരം ഉയർത്തി ആഗോളതലത്തിൽ മാതൃകയാകുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

യു.എ.ഇ. അന്തേ വാസികളുടെ ശാരീരിക-മാനസിക-ഡിജിറ്റൽ ആരോഗ്യം മുൻ നിർത്തിയുള്ള 90 പദ്ധതികളാണ് നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തികൾ, രാജ്യം, സമൂഹം എന്നീ മൂന്ന് തലങ്ങളിലായാണ് ജീവിതനിലവാരസൂചിക കേന്ദ്രീകരിക്കുന്നത്. ഇത് വിലയിരുത്താൻ ഒരു നിരീക്ഷണസമിതിയും രൂപീകരിച്ചിട്ടുണ്ട്.

ചികിത്സാ പിഴവുകളെക്കുറിച്ചും പരാതികളെക്കുറിച്ചും കൃത്യമായി അനുശാസിക്കുന്നതാണ് പുതിയ നിയമം. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ്‌ 2031 ന് അനുമതി നൽകിയത്.

ജീവിതനിലവാര സൂചികകൾ പരിശോധിക്കുക,റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കുക, ഗവൺമെന്റ് ജീവനക്കാർക്ക് പരിശീലന പരിപാടികൾ നിർദേശിക്കുക, നയം നടപ്പാക്കാൻ നാഷണൽ വെൽബീങ് കൗൺസിൽ രൂപീകരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ. നയം നടപ്പാക്കുമ്പോൾ മുൻഗണന നൽകേണ്ട 14 മേഖലകൾ ഏതൊക്കെയാണെന്നും മന്ത്രിസഭായോഗം വ്യക്തമാക്കിയിട്ടുണ്ട്.

 

Leave A Reply