മാഞ്ചസ്റ്റർ‌: ലോകം ‘നൂറ്റാണ്ടിന്റെ ബോൾ’ എന്നു വിശേഷിപ്പിച്ച ഷെയ്ൻ വോണിന്റെ വിരലുകളില്‍ വിരിഞ്ഞ മാന്ത്രിക പന്തിന് ഇന്ന് 26 വർഷം തികയുന്നു. 1993 ജൂൺ നാലിന് ആഷസ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിലാണ് ആ മാന്ത്രിക ബോൾ പിറന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഷെയ്ൻ വോണിന്റെ വിരലുകളിൽനിന്ന് ആ മാന്ത്രിക ബോൾ പുറപ്പെട്ടത്.

സ്പിൻ ബോളിങ്ങിനെതിരെ മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മൈക് ഗാറ്റിങ്ങിനെതിരെ പന്തെറിയാനെത്തുമ്പോൾ ഒരു സാധാരണ ലെഗ്സ്പിന്നർ മാത്രമായിരുന്നു ഷെയ്ൻ വോൺ. അതുവരെ 11 ടെസ്റ്റുകളിൽ നിന്നായി 31 വിക്കറ്റുകളായിരുന്നു വോൺ നേടിയിരുന്നത്. ഗാറ്റിങ്ങിനെതിരായ ആദ്യ പന്ത് ലെഗ് സ്റ്റംപിന് ഇഞ്ചുകൾ പുറത്തു കുത്തിയ തിരിഞ്ഞു കയറിയത് ഓഫ് സ്റ്റംപ് തെറിപ്പിച്ചുകൊണ്ടായിരുന്നു. ലെഗ് സ്റ്റംപിന് വെളിയിൽ കുത്തി ഡിഫൻഡ് ചെയ്യാനുള്ള ഗാറ്റിങ്ങിന്റെ ശ്രമം ‍വെറുതെയായി. അവിശ്വസനീയത ഗാറ്റിങ്ങിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

പിന്നീട് എട്ടു വിക്കറ്റുകൾ കൂടി അതേ ടെസ്റ്റിൽ വോൺ സ്വന്തമാക്കി. ആഷസ് പരമ്പരയിലെ അഞ്ചു ടെസ്റ്റുകളിൽ നിന്നുമാത്രം വോൺ 35 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ഷെയ്ൻ വോണെന്ന പകരം വയ്ക്കാനില്ലാത്ത സ്പിന്നറെയായിരുന്നു.

എന്നാൽ, ഇത്തരമൊരു പ്രകടനം തികച്ചും ആകസ്മികമായി സംഭവിച്ചതാണെന്നാണ് വോൺ പിന്നീടു പ്രതികരിച്ചത്. ‘ആ പന്ത് എനിക്കിപ്പോഴും ഒരു സ്വപ്നം പോലെയാണ്. കരിയറിന്റെ പിന്നീടൊരു ഘട്ടത്തിലും എനിക്ക് അതുപോലൊരു പന്തെറിയാനായിട്ടില്ല. കാരണം അന്നത് ആകസ്മികമായി സംഭവിച്ചതാണ്.’ – വോൺ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 708 വിക്കറ്റുകളാണ് ഷെയ്ൻ വോൺ ആകെ സ്വന്തമാക്കിയത്.

Leave a comment