മുൻ എംപിയുടെ ഭാര്യ കൊല്ലപ്പെട്ടു; മകൻ ഒളിവിൽ; അന്വേഷണത്തിനു 6 പ്രത്യേക സംഘം

ചെന്നൈ:  അണ്ണാഡിഎംകെ മുൻ എംപി ആർ.കൊളന്തവേലുവിന്റെ ഭാര്യ രത്തിനത്തെ (63) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ 6 പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ചെന്നൈ സിറ്റി പൊലീസ് അറിയിച്ചു. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മകൻ പ്രവീണാണ് രത്തിനത്തെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവ ശേഷം ഇയാൾ വീട്ടിൽ നിന്നു പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഒളിവിൽ പോയ ഇയാളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഞായറാഴ്ച ബസന്റ് നഗറിലെ വീട്ടിലാണ് കൊല നടന്നത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും പ്രവീണിനായി തിരച്ചിൽ ശക്തമാക്കി. കൊളന്തവേലുവിന്റെ സ്വദേശമായ സേലത്തും തിരച്ചിൽ നടത്തും.

പ്രവീണിന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി അഡയാർ ഡപ്യൂട്ടി കമ്മിഷണർ ശശാങ്ക് സായി പറഞ്ഞു. ഇംഗ്ലണ്ടിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി തിരികെയെത്തിയ പ്രവീൺ സ്വത്തുക്കൾ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് മാതാവിനെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു. പോളണ്ട് സ്വദേശിനിയെ വിവാഹം കഴിച്ച പ്രവീൺ നാട്ടിലെ സ്വത്തുക്കൾ വിറ്റ് ഇംഗ്ലണ്ടിൽ കുടിയേറാൻ പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രതി രാജ്യംവിടാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും തിരച്ചിൽ നോട്ടിസ് നൽകിയതായി പൊലീസ് പറഞ്ഞു. സ്വത്തുക്കൾ എഴുതി നൽകിയില്ലെങ്കിൽ തന്നെ കൊലപ്പെടുത്തുമെന്നു പ്രവീൺ ഭീഷണി മുഴക്കുന്നതായി രത്തിനം ഫോണിൽ അറിയിച്ചതായി മകൾ സുധ പറഞ്ഞു.

പ്രവീൺ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നതായി തൊരൈപ്പാക്കത്തെ ബന്ധുവിനെ അറിയിച്ചു. ഇയാൾ എത്തിയപ്പോൾ വീട് പുറത്തു നിന്നു പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതിലിൽ രക്തം കണ്ടതോടെ അയൽവാസികളെ വിളിച്ചുവരുത്തിയ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പൂട്ടു പൊളിച്ചു നടത്തിയ പരിശോധനയിൽ രത്തിനത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈകാലുകൾ കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടു നെഞ്ചിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നു പൊലീസ് പറഞ്ഞു.

Leave A Reply