രാഷ്ട്രീയ കൊലപാതക വിഷയത്തിലും സി.പി.എമ്മിനെ പരാമര്‍ശിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി

കണ്ണൂർ: രാഷ്ട്രീയ കൊലപാതക വിഷയത്തിലും സി.പി.എമ്മിനെ പരാമര്‍ശിക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. കണ്ണൂരിൽ വെച്ച് വടക്കന്‍ മലബാറിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു മറുപടി. കേരളത്തില്‍ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെന്ന് സുല്‍ത്താന്‍ ബത്തേരിയിലെ പൊതുയോഗത്തില്‍ രാഹുല്‍ പറയുകയും ചെയ്തു.

കണ്ണൂരില്‍ രാഹുൽ ഗാന്ധിക്ക് നേരിടേണ്ടി വന്ന പ്രധാനചോദ്യം രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ആയിരുന്നു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സി.പി.എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തി യു.ഡി.എഫ് പ്രചാരണം നടത്തുമ്പോള്‍ രാഹുല്‍ ഉത്തരം രണ്ടു വരിയില്‍ ഒതുക്കി. കേരളത്തില്‍ നടക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് അഹിംസയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

ഇടതുമുന്നണിക്ക് ലഭിക്കാന്‍ സാധ്യതയുളള ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടുളളതാണ് രാഹുൽ ഗാന്ധിയുടെ ഈ നീക്കം. സി.പി.എമ്മിനെ വിമര്‍ശിക്കില്ലെന്ന മുന്‍ നിലപാടില്‍നിന്ന് ഒരു പടി കൂടി കടന്ന് രാഹുല്‍ ഗാന്ധി ഇന്നലെ സി.പി.എമ്മിനെ പ്രശംസിക്കുക കൂടി ചെയ്തു. ബി.ജെ.പിയെ പോലെ എതിര്‍ക്കേണ്ട പാര്‍ട്ടിയല്ല ഇടതുപക്ഷമെന്ന് പറഞ്ഞു വച്ച രാഹുല്‍ അതിനുളള കാരണവും വ്യക്തമാക്കി. ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം അത് ഒരിക്കലും ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Leave A Reply