സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് അമിത്ഷാ

ഭുവനേശ്വർ: മാലേഗാവ് സ്ഫോടനക്കേസിൽ ആരോപണ വിധേയയായ സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ രംഗത്ത്. ഹൈന്ദവ ഭീകരത എന്ന കോൺഗ്രസിന്റെ കണ്ടുപിടിത്തത്തിനുള്ള മറുപടിയാണ് സാധ്വി പ്രഗ്യയുടെ സ്ഥാനാർഥിത്വമെന്ന് അമിത്ഷാ പറഞ്ഞു. ഹൈന്ദവ ഭീകരയുടെ പേരിൽ കോൺഗ്രസ് ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിക്കേസിൽ ബിജു ജനതാദളിനെ അമിത്ഷാ വിമർശിച്ചു. ഒഡിഷയിൽ ബിജെപി അധികാരത്തിലെത്തിയാൽ ചിട്ടി ഫണ്ട് അഴിമതിയിൽ ഉൾപ്പെട്ടവരെ 90 ദിവസത്തിനുള്ളിൽ ജയിലിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.

പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ തടയാൻ രാഹുൽ ഗാന്ധിക്ക് കഴിവില്ലെന്നും മോദിയുടെ നേതൃത്വത്തിനു കീഴിൽ മാത്രമെ രാജ്യം സുരക്ഷിതമായിരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2007ൽ നടന്ന സംഝോത എക്സ്പ്രസ് സ്ഫോടനം, അതിനടുത്ത വർഷം നടന്ന മാലേഗാവ് മുസ്ലിംപള്ളിയിലെ സ്ഫോടനം എന്നിവയ്ക്ക് ശേഷമാണ് ഹിന്ദു ഭീകരത എന്ന വാക്ക് കോൺഗ്രസ് പ്രചരിപ്പിച്ചതെന്നും അമിത്ഷാ പറഞ്ഞു.

Leave A Reply