പോസ്റ്ററിൽ അഭിനന്ദൻ വർത്തമാന്റെ ചിത്രം; ബിജെപി എംഎൽഎക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി എംഎൽഎക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിജെപി എംഎൽഎ ഓംപ്രകാശ് ശർമ ഫെയ്സ്ബുക്കിലിട്ട പോസ്റ്ററിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ വ്യോമ സേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനുമൊപ്പം തന്റെ ചിത്രമുള്ള പോസ്റ്ററാണ് ഓംപ്രകാശ് ഫെയ്സ്ബുക്കിലിട്ടത്.

പോസ്റ്റ് റിമൂവ് ചെയ്ത് ഇക്കാര്യത്തിൽ വ്യാഴാഴ്ച മറുപടി നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ രണ്ട് പോസ്റ്ററുകളും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ cVIGIL ആപ്പ് വഴിയാണ് പരാതി ലഭിച്ചത്.

മാർച്ച് 1നാണ് അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളുള്ള രണ്ട് പോസ്റ്ററുകൾ ശർമ ഫെയ്സ്ബുക്കിലിട്ടത്. ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയമാണ് അഭിനന്ദന്റെ മോചനം എന്നാണ് ഒരു പോസ്റ്ററിലെ വാചകം.

Comments are closed.