ഷീല ദീക്ഷിതിന്റെ പ്രസ്താവന ഞെട്ടിക്കുന്നത്; അരവിന്ദ് കെജ്‌രിവാള്‍

ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ മോദിയുടെ അത്ര കാര്‍ക്കശ്യം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഉണ്ടായിരുന്നില്ലെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രഹസ്യമായ എന്തോ ഒന്ന് പദ്ധതിയിടുന്നുണ്ടെന്നും ദല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു.

‘ഷീലാ ജിയുടെ ഈ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയിലെ സഖ്യം ഒന്നു കൂടെ മെച്ചപ്പെട്ടു’- എന്നായിരുന്നു അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ്. ഷീലാ ദീക്ഷിതിന് നന്ദി അറിയിച്ച് അമിത് ഷാ നല്‍കിയ ട്വീറ്റ് പങ്കു വെച്ചു കൊണ്ടായിരുന്നു അരവിന്ദ് കെജരിവാളിന്‍റെ പ്രസ്താവന.

‘അതെ ഞാന്‍ അംഗീകരിക്കുന്നു, മന്‍മോഹന് മോദിയുടെ അത്ര നിശ്ചയദാര്‍ഢ്യം ഇല്ലായിരുന്നു. എന്നാല്‍ മോദി ഇത് ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’- എന്നായിരുന്നു മുംബൈ ഭീകരാക്രമണത്തോടുള്ള യു.പി.എ സര്‍ക്കാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീക്ഷിത് നല്‍കിയത്.

അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പിന്നീട് പറഞ്ഞിരുന്നു.

 

Comments are closed.