140 കി.മി വേഗതയില്‍ സഞ്ചരിക്കവെ ക്രൂയിസ് കണ്‍ട്രോള്‍ പിഴച്ചു; യുഎഇയില്‍ മരണം മുഖാമുഖം കണ്ട ഡ്രൈവറെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി

റാസല്‍ഖൈമ: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായി വേഗത കുറയ്ക്കാന്‍ കഴിയാതിരുന്ന ഡ്രൈവറെ പോലീസ് സാഹസികമായി രക്ഷപെടുത്തി. റാസല്‍ഖൈമ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രാത്രിയായിരുന്നു സംഭവം.

സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ബ്രേക്കുകള്‍ പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. വാഹനം നിര്‍ത്താനോ വേഗത കുറയ്ക്കാനോ കഴിയാതെ വന്നപ്പോള്‍ തന്റെ ജീവിതം റോഡില്‍ അവസാനിച്ചുവെന്നാണ് കരുതിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. വാഹനം ന്യൂട്രലിലേക്ക് മാറ്റിയും മറ്റും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പോലീസിന്റെ സഹായം തേടി ഫോണ്‍ വിളിക്കുകയായിരുന്നു. സാഹചര്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍, പരിഭ്രമിക്കേണ്ടതില്ലെന്നും മനഃസാന്നിദ്ധ്യം കൈവിടാതെ വാഹനം നിയന്ത്രിക്കണമെന്നും അദ്ദേഹത്തോട് പറഞ്ഞു. സഹായത്തിന് ഉടന്‍ പോലീസ് എത്തുമെന്നും പറഞ്ഞ് സമാധാനിപ്പിച്ച് വാഹനം അപകടത്തില്‍ പെടാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇതേസമയം, വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലീസ് പട്രോള്‍ വാഹനങ്ങള്‍ കാറിനെ കണ്ടെത്താനായി കുതിച്ചു.

ഹൈവേയില്‍ വാഹനം കണ്ടെത്തിയ പോലീസ് മുന്നിലുള്ള തടസങ്ങള്‍ നീക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വഴി സുഗമമാക്കുകയുമാണ് ആദ്യം ചെയ്തത്. സുരക്ഷിതമായ സ്ഥലത്തെത്തിയപ്പോള്‍ മുന്നിലുള്ള പോലീസ് വാഹനം വേഗത കുറച്ച് കാറില്‍ മുട്ടിച്ചു. പോലീസ് വാഹനത്തിന്റെ പിന്നിലിടിച്ച് കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. പോലീസ് വേഗത കുറച്ചതോടെ കാറിന്റെയും വേഗത കുറഞ്ഞു. വേഗത കുറച്ചുകൊണ്ടുവന്ന് സുരക്ഷിതമായി റോഡില്‍ വാഹനം നിര്‍ത്തുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ റോഡില്‍ മറ്റൊരു സ്വദേശി യുവതി ഓടിച്ചിരുന്ന കാറിനും ഇതേ തരത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു. പോലീസ് സഹായത്തോടെയാണ് അന്നും ഡ്രൈവറെ രക്ഷിച്ചത്.

അബുദാബി-അല്‍ഐന്‍ റോഡില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ സമാന രീതിയില്‍ തകരാറിലായ മറ്റൊരു വാഹനത്തെ രക്ഷിക്കാന്‍ 15ഓളം പോലീസ് പട്രോള്‍ വാഹനങ്ങളാണ് അണിനിരന്നത്.

Comments are closed.