ഭീമ കൊറേഗാവ് സംഘര്‍ഷം: അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ രാജ്യത്തെ ദളിതരെ ഒരുമിച്ച് കൂട്ടി കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

ന്യൂദല്‍ഹി: 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ രാജ്യത്തെ ദളിതരെ ഒരുമിച്ച് കൂട്ടി കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് മഹാരാഷ്ട്ര പൊലീസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്ന് പൊലീസ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

അറസ്റ്റിലായ അരുണ്‍ ഫെറേറയുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിയെന്നോണമാണ് പുനെ എ.സി.പി ശിവാജി പവാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 5ന് നടക്കുമെന്ന് ജസ്റ്റിസ് പി.എന്‍. ദേശ്മുഖ് അറിയിച്ചു.

ഫെറേറയും അറസ്റ്റിലായ മറ്റാളുകളും സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. പൊതു ജനങ്ങളെ, പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളില്‍ പെട്ടവരെ രാഷ്ട്രീയമായും സായുധ സഹായങ്ങള്‍ നല്‍കിയും കേന്ദ്രത്തിനെതിരെ തിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

‘സി.പി.ഐ (മാവോയിസ്റ്റ്) ദളിതുകള്‍ക്കിടയില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പ്രത്യേക ശ്രമങ്ങള്‍ നടത്തുകയാണ്. സ്വാഭിമാനം, വിവേചനം, അടിച്ചമര്‍ത്തല്‍, ഇകഴ്ത്തല്‍, മുന്നാക്ക ജാതിയില്‍ പെട്ടവരുടെ ആക്രമണം, എന്നിങ്ങനെയുള്ള ദളിതുകളുടെ പോരാട്ടങ്ങള്‍ ഏറ്റെടുത്ത് തങ്ങളുടെ ലക്ഷ്യം നേടാന്‍ ശ്രമിക്കുകയാണിവര്‍’- റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലുള്ള ഫെറേറയും, വെര്‍നന്‍ ഗോണ്‍സാല്‍വസും ആളുകളെ നിരോധിത സംഘടനയിലേക്ക് ആകര്‍ഷിച്ചെന്നും പൊലീസ് ആരോപിക്കുന്നു.

ഡിസംബറില്‍ ഭീമാ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷദില്‍ ഫെറേറിയയും മറ്റുള്ളവരും വിപ്ലവത്തിന് ആഹ്വാനം നല്‍കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയെന്നും പൊലീസ് പറയുന്നുണ്ട്.

 

Comments are closed.