ചോരക്കൊതി മാറാത്ത രാഷ്ട്രീയം

2018 ജനുവരി 19 നാണ് കണ്ണൂരിൽ എബിവിപി പ്രവർത്തകനും കോളയാട് ആലപറമ്പ് സ്വദേശിയുമായ ശ്യാമപ്രസാദി( 25 )നെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത് . പേരാവൂർ ഐ ടി ഐ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്. ബൈക്കിൽ പോകുകയായിരുന്ന ശ്യാമപ്രസാദിനെ മുഖംമൂടിധാരികളായ സംഘം പേരാവൂർ നെടുമ്പൊയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ട് കൊണ്ട ശ്യാമപ്രസാദ് അടുത്ത വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.

സംഭവം കണ്ടവർ ബഹളം വെച്ചതിനെ തുടർന്ന് കൊലയാളി സംഘം പിന്തിരിഞ്ഞ് പോയി .
ഉടൻ തന്നെ ശ്യാമപ്രസാദിനെ കൂത്തുപറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ആലപ്പറമ്പിലെ രവീന്ദ്രൻ -ഷൈന ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്. ശ്യാമപ്രസാദിന്റെ മൃതദേഹം ജില്ലാ ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി ജെ പി 20ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിക്കുകയും ഹർത്താലിൽ കണ്ണവത്ത് ഏതാനും എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടാവുകയും ചെയ്തു.

കൊലപാതകം നടന്ന് രണ്ടുമണിക്കൂറിനകം നാലുപേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു . കാക്കയങ്ങാട് പാറക്കണ്ടം സ്വദേശികളായ മുഹമ്മദ് (20), സലീം(26), നീര്വേലിയിലെ സമീർ (25), കീഴലൂരിലെ ഹാഷിം(39) എന്നിവരാണ് കേസിൽ പിടിയിലായത്. കുറ്റകൃത്യം നടത്താൻ ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനുശേഷം പ്രതിയായ ഷഹീമിന്റെ സഹോദരിയുടെ വീട്ടിലേക്കു പോകുന്നതിനിടയിൽ വയനാട് തലപ്പുഴയിൽ വെച്ച് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതികളുടെ പക്കൽ നിന്നും പോലീസ് മൂന്നു വാളുകളും ഒരു വെട്ടുകത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. ഒരു വാൾ സംഭവ സ്ഥലത്തിനടുത്തുനിന്നും ബാക്കിയുള്ളവ വയനാട് ജില്ലാ അതിർത്തിയായ ചന്ദനത്തോടിനടുത്തുള്ള വനത്തിലെ മരത്തിനു ചുവട്ടിൽനിന്നുമാണു കണ്ടെത്തിയത്. അറസ്റ്റിലായ നാലു പേരും എസ്ഡിപിഐ പ്രവർത്തകരാണ്. ഒരാഴ്ച മുൻപു കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകനു വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ടാണു ശ്യാമപ്രസാദ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

അതിനിടയിൽ, അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപേ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സ്റ്റേഷനിൽനിന്നു ചോർന്നത് വിവാദങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായി. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നാലു പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായതായി രാവിലെ തന്നെ നവമാധ്യമങ്ങളിലും ചില ചാനലുകളിലും പ്രതികളുടെ ചിത്രങ്ങൾ സഹിതം വാർത്ത പ്രചരിക്കുകയും ചെയ്തു.  ജനുവരി 21ന് അറസ്റ്റിലായ പ്രതികളുമായി പോലീസ് കൊമ്മേരിയിൽ തെളിവെടുപ്പ് നടത്തി. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിൽ കെട്ടിവയ്ക്കാനും അതുവഴി സി.പി.എം- ആർ .എസ്.എസ്. സംഘർഷം ഉണ്ടാക്കാനും ഗൂഢാലോചന നടത്തിയതായി പ്രതികൾ പൊലീസിന് മൊഴി നൽകി. എസ്.ഡി.പി.ഐ. പ്രവർത്തകൻ അയൂബിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായാണു ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ : സി.പി.എമ്മിൽ ചേർന്ന് കൊലപാതകം നടത്തിയശേഷം എസ്.ഡി.പി.ഐയിൽ തിരിച്ചെത്താനായിരുന്നു സംഘം ആദ്യം പദ്ധതിയിട്ടിരുന്നത് . കേസ് കഴിയുന്നതുവരെ സി.പി.എമ്മിൽ തുടരാനും ആലോചിച്ചിരുന്നു. നീര്വേലിയിലെ എസ്.ഡി.പി.ഐ. ഓഫീസിനടുത്തു മൂന്നുദിവസം വാളുപയോഗിച്ച് പ്രതികൾ പരിശീലനം നേടി. എന്നാൽ , സി.പി.എമ്മിലേക്കു പോകാനുള്ള തന്ത്രങ്ങൾ പാളിപ്പോവുകയായിരുന്നു.

കണ്ണവത്ത് ആർ .എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയാൽ തിരിച്ചടിക്കു സാധ്യത കൂടുതലാണെന്നും അങ്ങനെ മുസ്ലിംങ്ങളെ മുഴുവൻ എസ്.ഡി.പി.ഐയിൽ ചേർക്കാമെന്നും ഒരു നേതാവ് പറഞ്ഞു. കണ്ണവത്ത് ആർ .എസ്.എസുകാരെ പ്രതിക്കൂട്ടിലാക്കാൻ എസ്.ഡി.പി.ഐ. നിരവധി ശ്രമങ്ങൾ നടത്തി.

ചുണ്ടയിൽ സി.പി.എം. സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തകർത്തത്‌ പൂവത്തിൻ കീഴിലെ ക്യാ മ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു . പിന്നീട് കണ്ണവം ടൗണിലെ സി.പി.എം. പതാക പലതവണ നശിപ്പിച്ചു. ആർ.എസ്.എസ്-സി.പി.എം. സംഘർഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്.ഡി.പി.ഐയിൽ എത്തിക്കാനായിരുന്നു ലക്ഷ്യം. ഈ പദ്ധതികൾക്ക് ശേഷം കണ്ണവത്തെ ഓട്ടോ ഡ്രൈവറെ മർദിക്കണമെന്നും അതിനായി കുറച്ചാളുകൾ വരണമെന്നും ശിവപുരം, കാക്കയങ്ങാട് ഭാഗത്തേക്കു ഫോൺ കോൾ വരികയും ചെയ്തു . കണ്ണവത്തെ മഖാം ഉറൂസിനു ക്യാമ്പസ് ഫ്രണ്ട് കെട്ടിയ ഫ്ളക്സ് ഒരാൾ അഴിച്ചുവയ്ക്കുകയും പിന്നീട് ആ കാരണം പറഞ്ഞ് അവരെ മർദിക്കുകയും ചെയ്തു . ആർ .എസ്.എസുകാർ പള്ളി പരിസരത്തു സംഘർഷം സൃഷ്ടിക്കുമെന്നും ആ പേരിൽ എസ്.ഡി.പി.ഐയില് ആളെ കൂട്ടണമെന്നും കണ്ണവത്തെ ഒരു നേതാവ് പറഞ്ഞിരുന്നു . സർജിക്കൽ ബ്ലേഡ് കൊണ്ട് വെട്ടാൻ പഠിപ്പിച്ച ക്ലാസിൽ പ്രതികളും ഉണ്ടായിരുന്നു. കണ്ണൂരിലെ സി.പി.എം. പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരിൽ എസ്.ഡി.പി.ഐക്കാരെ ഇനി വെട്ടിയാൽ സി.പി.എമ്മിലെ ഒരു സൈബർ പോരാളിയെ തിരിച്ചടിക്കാനും സംഘത്തിന് പദ്ധതിയുണ്ടായിരുന്നു.

സംഭവം നടന്ന് രണ്ടുമാസങ്ങൾക്കുള്ളിൽ നീര്വേലി ഹസീന മൻസിലിൽ എം.എൻ .ഫൈസലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു . കേസിൽ ആകെ 13 പേരെയാണ് പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത് . 85 ദിവസങ്ങൾ പിന്നിട്ടപ്പോൾ പേരാവൂർ സി.ഐ.എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ.കെ.എം.ജോൺ , എ.എസ്.ഐ. ഇ.കെ.രമേശ്, സീനിയർ സി.പി.ഒ.കെ.വി.ശിവദാസൻ എന്നിവരടങ്ങിയ അന്വേഷണ സംഘം കണ്ണൂര് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെളിവുകൾ വ്യക്തമാക്കുന്നുണ്ട് . പ്രതികളെല്ലാവരും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയുംപ്രവർത്തകരാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ശ്യാമപ്രസാദിന്റെ രക്തവും പ്രതികളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച രക്തവും ഡി.എൻ .എ.പരിശോധനയിൽ ഒന്നാണെന്ന് കണ്ടെത്തിയത് പ്രതികൾക്കെതിരെയുള്ള ശക്തമായ തെളിവായി മാറി. കൊലപാതകത്തിനുപയോഗിച്ച വടിവാളിലെ രക്തവും കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റേ രക്തവും ഡി.എൻ .എ.പരിശോധനയിൽ ഒന്നാണെന്ന് തെളിഞ്ഞതും കേസന്വേഷണത്തിന് ആക്കം കൂട്ടി . ദൃക്സാക്ഷി മൊഴിയും പ്രതികളുടെ കുറ്റസമ്മതവുമാണ് കേസന്വേഷണത്തിന്റെ മറ്റൊരു ഘടകം.

ഇതിനിടയിൽ ശ്യാമപ്രസാദ് വധത്തിന്റെ മുഖ്യ സൂത്രധാരനും പോപ്പുലർ ഫ്രണ്ട് നേതാവുമായ വി.എം. സലീമിനെ അന്വേഷണ സംഘം പിടികൂടി. ഒളിവിൽ പോയ സലീം ഇവിടെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു . കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത് . ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.

ഒക്ടോബർ ഏഴിന് കൊലക്കേസിലെ എസ്ഡിപിഐ പ്രവർത്തകരായ ഏഴ് പ്രതികൾക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി . കണ്ണവം സ്വദേശികളായ സലാഹുദ്ദീൻ , നിസാമുദ്ദീൻ , സി.എച്ച്. അഷ്ഫർ , അജ്മൽ , കോളയാട് സ്വദേശി നൗഷാദ്, നീര്വേലി സ്വദേശി അഷ്കർ , മുഴക്കുന്ന് സ്വദേശി സി.സഫീർ ലുക്കൗട്ട് നോട്ടീസിറക്കിയത്.

2019 ജനുവരി 16ന് പ്രതികളിൽ രണ്ടുപേർകൂടി കോടതിയിൽ കീഴടങ്ങി. നാല് പേർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു . മാർച്ച് ഒന്നിന് കെയിലെ പ്രതിയായ സെയ്ദ് മുഹമ്മദ് സലാഹുദീൻ മട്ടന്നൂർ കോടതിയിൽ കീഴടങ്ങുകയുണ്ടായി. ഒരു വർഷത്തിലധികമായി സലാഹുദീൻ ഒളിവിൽ കഴിയുകയായിരുന്നു. സലാഹുദ്ദീനും സഹോദരൻ നിസാമുദീനും ആണ് അക്രമത്തിന്റെയും കൊലപാതകത്തിന്റെയും പ്രധാന സൂത്രധാരൻമാർ എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഗൂഢാലോചന, ആസൂത്രണം, വാഹനം, ആയുധങ്ങൾ എത്തിക്കൽ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇവർക്ക് പങ്കുള്ളതായി പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കീഴടങ്ങിയ സലാഹുദീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഫെബ്രുവരി 13 ന്‌ കേസിലെ എട്ടാം പ്രതിയായ അസ്‌കര്‍ (32)കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങി. നിലവിൽ കേസിലെ മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Comments are closed.