കൊല്ലത്തിനെ നടുക്കിയ കൊലപാതകം

കേരളത്തിൽ കൊലപാതകങ്ങൾക്ക് പ്രായഭേദമില്ല. ഇല്ലെങ്കിൽ കൊല്ലത്തെ ഐ ടി ഐ വിദ്യാത്ഥിയായിരുന്ന രഞ്ജിത്തിനെ മർദിച്ചു കൊലപ്പെടുത്തുമായിരുന്നോ ? സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ രൂപം കൊണ്ടതുമുതൽ പാർട്ടിക്കുവേണ്ടിയും അല്ലാതെയും വിലപ്പെട്ട ഓരോ ജീവനുകൾ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

2019 ഫെബ്രുവരി 14-നാണ് തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതില് രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകനും ഐ ടി ഐ വിദ്യാർത്ഥിയുമായ രഞ്ജിത്തി(18) നെ ജയിൽ വാർഡൻ വിനീതിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം മർദിച്ചത്. രാത്രയിൽ വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. അടിയേറ്റ് വീണ വിദ്യാര്‍ത്ഥി ബോധരഹിതനായി. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 28ന് മരണം സംഭവിച്ചു . ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മര്ദിച്ചതെന്നു പിന്നീട് വ്യക്തമായിരുന്നു.

ബന്ധുവായ പെൺകുട്ടിയെ ശല്യപെടുത്തിയെന്നാരോപിച്ചായിരുന്നു രഞ്ജിത്തിനുനേരെയുള്ള മർദ്ദനം. കുട്ടിയെ അറിയില്ലെന്ന് അന്ന് തന്നെ ബന്ധുക്കൾ പറയുകയും ചെയ്തിരുന്നു. അക്രമികളുടെ സംഘത്തിൽ അരിനല്ലൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുമുണ്ടായിരുന്നു. സംഭവത്തിനു ശേഷം സരസൻ പിള്ള ഒളിവിൽ പോയി. രഞ്ജിത്തിനെ മർദിച്ച ദിവസം തന്നെ ബന്ധുക്കൾ വിനീതിനെതിരെ ചവറ തെക്കുംഭാഗം പോലീസിൽ പരാതി നൽകി . കേസ് കൊടുത്തെങ്കിലും പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൌണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീർപ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിന്റെ അച്ഛൻ വെളിപ്പെടുത്തി . അടിയേറ്റ് ആന്തരിക രക്തസ്രാവം മൂലം രഞ്ജിത്ത് മരണമടഞ്ഞ ശേഷമാണ് വിനീതിനെതിരെ പൊലീസ് കേസെടുത്തത്.

ഇതിനിടയിൽ കേസിലെ മുഖ്യപ്രതിയും ജയിൽ വാർഡനുമായ മല്ലകത്ത് കിഴക്കേതിൽ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും അടിപിടികേസുകൾ ഉണ്ടായിരുന്നു. തെക്കുംഭാഗം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഒത്തുതീർപ്പിലെത്തുകയായിരുന്നു. സംഭവത്തിൽ ചവറ എസ്ഐയെ കേസ് അന്വേഷണത്തിന്റെ ചുമതലയിൽനിന്നും മാറ്റി. കേസിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് വ്യാപകമായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തത് . കൊല്ലം കമ്മീഷ്ണറാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന തെക്കുംഭാഗം എസ്ഐ ജയകുമാറിനെ മാറ്റിയത്. പകരം ചവറ സിഐ ചന്ദ്രദാസിന് കേസന്വേഷണം കൈമാറി.

അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തിൽ സരസൻ പിള്ളക്കെതിരായ ആരോപണം സിപിഎം നിഷേധിച്ചു . സരസൻ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സിപിഎം അരിനെല്ലൂർ ലോക്കൽ സെക്രട്ടറി മധു വാദിച്ചത് . പിടിയിലായ പ്രതി വിനീതും കുടുംബവും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണെന്നും പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു . ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ കുറ്റം ആരോപിക്കുന്നത്. സംഭവം നടക്കുമ്പോൾ സരസൻ പിള്ള ഏരിയാ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നുവെന്നും മധു വ്യക്തമാക്കി.

എന്നാൽ ആക്രമണം നടന്ന ദിവസം സരസൻ പിള്ള രഞ്ജിത്തിന്റെ വീട്ടില് പോയിരുന്നുവെന്ന ഭാര്യയുടെ വെളിപ്പെടുത്തൽ കേസിന്റെ ആക്കം കൂട്ടി. മകളെ ശല്യപ്പെടുത്തിയത് കൊണ്ടാണ് രഞ്ജിത്തിന്റെ വീട്ടില് പോയതെന്ന് ഭാര്യ വ്യക്തമാക്കി . കേസിൽ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസും സ്ഥിരീകരിച്ചു.

മാർച്ച് ഏഴിന് രഞ്ജിത്തിനെ മർദിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ അരിനല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയെ സിഐ എസ്. ചന്ദ്രദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കേസിൽ രണ്ടാം പ്രതിയാണ് സരസൻ പിള്ള. കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  രഞ്ജിത്തിനെ മർദിച്ച മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് നടത്തിയവരികയാണ്.

Comments are closed.