നാടിന് രക്ഷകരായി എത്തിയവർ

അഗ്നി-രക്ഷാ സേനയുടെ കൈകളിൽ

ഏത് ദുരന്തമുണ്ടാകുമ്പോഴും സാധാരണയായി എറ്റവും ആദ്യം രക്ഷാപ്രവർത്തിനെത്തുന്ന സർക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് അഗ്നി-രക്ഷാ സേന. കേരളത്തിലെ 14 ജില്ലകളിലെയും സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവർത്തനത്തിനെത്തുന്നതിന് മുമ്പേതന്നെ പ്രളയരക്ഷാദൗത്യമാരംഭിച്ച അഗ്നി-രക്ഷാ സേന ഒരു ലക്ഷത്തി ഇരുപതിനായിരം ആൾക്കാരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടായിരത്തോളം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. വിയ്യൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നാനൂറോളം പേരും രക്ഷാപ്രവർത്തനത്തിന് നിയോഗക്കപ്പട്ടു. മോട്ടോർ ഘടിപ്പിച്ച റബ്ബർ ഡിങ്കികളുപയോഗിച്ചാണ് സേനാംഗങ്ങൾ പ്രധാനമായും രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിന്റെത് കൂടാതെ തമിഴ്നാട് , ഒഡീഷ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

തുണയായ സൈനികർ

കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗഭാക്കായി.

അടിയന്തര സാഹചര്യം മുൻനിറുത്തി വ്യോമസേനയുടെ തിരുവനന്തപുരത്തേയും നാവികസേനയുടെ കൊച്ചിയിലേയും വിമാനത്താവളങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഉടനടി തുറന്നു കൊടുക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. അതീവ ഗുരുതര സാഹചര്യമുണ്ടായിരുന്ന ചില പ്രദേശങ്ങളിൽ സൈന്യം ജനങ്ങൾക്കു ആത്മവിശ്വാസം പകർന്നു. എല്ലാ സൈനിക വിഭാഗങ്ങളിൽനിന്നായും തീരസംരക്ഷണ സേനയിൽനിന്നുമായി വലിയൊരു സംവിധാനം കേരളത്തിൽ പ്രവർത്തിച്ചു. അതുപോലെതന്നെ തീര സംരക്ഷണ സേനയുടെ 42 ടീമുകൾ, 2 ഹെലിക്കോപ്റ്ററുകൾ, 2 കപ്പലുകൾ എന്നിവ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എഞ്ചിനീയറിംഗ ടാസ്ക് ഫോർസ് അവരുടെ 10 ടീമുകളിലെ 790 സൈനികരെ രക്ഷാപ്രവർത്തനത്തിനു വിന്യസിപ്പിച്ചിരുന്നു.

വ്യോമസേന (ഓപ്പറേഷൻ കരുണ)

ഓപ്പറേഷൻ കരുണ എന്ന് പേരിട്ട കേരളത്തിലെ പ്രളയരക്ഷാദൗത്യത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുണ്ടായി. നിരവധി ഹെലികോക്റ്ററുകളാണ് വ്യോമസേന വിന്യസിച്ചത്. വ്യോമസേനയുടെ 10 എംഐ-17, വി5 ഹെലികോപ്റ്ററുകളും 10 ലൈറ്റ് ഹെലികോപ്റ്ററുകളും 3 ചേതക്/ ചീറ്റ ഹെലികോപ്റ്ററുകളുമാണ് രക്ഷാ ദൗത്യത്തിനിറങ്ങിയത്.

ഓരോ സി 17, സി 130 വിമാനങ്ങളും രണ്ട് ഐഎൽ-76 വിമാനങ്ങളും ഏഴു എഎൻ-32 വിമാനങ്ങളും ദൗത്യത്തിലുണ്ടായിരുന്നു. കേരളത്തിലുടനീളം സംസ്ഥാന പോലീസ് സേനയ്ക്കും അഗ്നി-രക്ഷാ സേനയ്ക്കും നാട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കുമൊപ്പംചേർന്ന് വിവിധ സേനാവിഭാഗങ്ങളുടെ സൈനികർ രക്ഷാ പ്രവർത്തനത്തിൽ ഭാഗമായി . വ്യോമസേന അവരുടെ 500 മോട്ടോർബോട്ട്, 90 ചെറു വിമാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി. പാലക്കാടു ജില്ലയിലെ ദേശീയ പാതയിൽ പ്രളയത്തിൽ ഒലിച്ചുപോയ പാലം എഞ്ചിനീയറിംഗ് ടാസ്ക് ഫോർസ് അതിവേഗത്തിൽ പുനസ്ഥാപിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. സേനാവിഭാഗങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളും വിവിധ സന്നദ്ധ സംഘടനകളും മുൻകയ്യെടുത്തു പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനു കാരണമായി.

കരസേന (ഓപ്പറേഷൻ സഹയോഗ്)

ഓപ്പറേഷൻ സഹയോഗ് എന്ന പേരിൽ കേരള സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സൈന്യം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കാലാവസ്ഥാ പ്രശ്നങ്ങളും ദൂര സ്ഥലങ്ങളിൽനിന്നു് വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള അസൗകര്യമൊക്കെയായി ഉദ്ദേശിച്ച സമയത്തും ആൾബലവും എത്തിക്കുന്നതിനു നേരിയ പ്രശ്നങ്ങൾ ഉണ്ടായി എന്നതൊഴിച്ചാൽ മികച്ച രീതിയിലുള്ള സഹകരണം സൈനിക വിഭാഗങ്ങളുടെ പക്ഷത്തുനിന്നു ലഭിച്ചിരുന്നു. കരസേന കേരളത്തിലെ പ്രളയബാധിതമായ ഏതാനും ഇടങ്ങളിൽ 13 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചിരുന്നു.

നാവികസേന (ഓപ്പറേഷൻ മദദ്)

നാവിക സേനയുടെ 82 ടീമുകളിലെ ഏകദേശം ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാവിക സേനയുടെ 38 ഹെലിക്കോപ്റ്ററുകളും മറ്റു നിരവധി വാഹനങ്ങളും കേരളത്തിൽ പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്നു. മോശമായ കാലാവസ്ഥ പലയിടങ്ങളിലും ഹെലികോപ്റ്ററുകളുടെ പ്രവർത്തനത്തിനും ഇറങ്ങുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൊച്ചിയിൽ സീകിങ് 42 സി ഹെലികോപ്റ്റർ വീടിനു മുകളിലിറക്കി 26 പേരെ രക്ഷിച്ച നാവികസേനയുടെ ക്യാപ്റ്റൻ പി. രാജ്കുമാറിന്റെ സേവനം എടുത്തു പറയേണ്ടതാണ്. പ്രളയജലത്താൽ വലയം ചെയ്യപ്പെട്ട് അശരണരായ കഴിഞ്ഞ ആലുവ ചെങ്ങമനാട്ടുള്ള ഒരു പൂർണഗർഭിണിയേയും മറ്റൊരു വനിതയേയും നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായി വീടിനു മുകളിൽ നിന്നു രക്ഷിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഒരു വീടിനു മുകളിൽ വെള്ള പെയ്ന്റ് ഉപയോഗിച്ച്‌ ഏതോ അജ്ഞാതനായ വ്യക്തി ആകാശത്തുനിന്നു ദർശിക്കാവുന്ന വലിപ്പത്തിൽ “താങ്ക്സ്” എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടു നന്ദി പ്രകടിപ്പിച്ചതിന്റെ ചിത്രം ഭാരതീയ നാവികസേന തന്നെയാണ് അവരുടെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടത്. പിൽക്കാലത്ത് ഈ രക്ഷാപ്രവർത്തനങ്ങളുടെ പേരിൽ 2018 നവംബറിൽ നാവികസേനയുടെ ക്യാപ്റ്റൻ വിജയ് വർമ്മ, ക്യാപ്റ്റൻ പി. രാജ്കുമാർ എന്നിവർക്ക് സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ‘ദ സ്ട്രെയിറ്റ് ടൈംസ്’ ഏർപ്പെടുത്തിയ ‘ഏഷ്യൻ ഓഫ് ദ ഈയർ’ പുരസ്കാരം മറ്റു രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർക്കൊപ്പം ലഭിച്ചിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്)

എൻഡിആർഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് കേരളത്തിൽ നടന്നത്. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം സംഘങ്ങളുമാണ് പ്രവർത്തനം നടത്തിയത്. 24,600 പേരെ ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതിൽ 535 പേരെ മരണമുഖത്തുനിന്നാണ് രക്ഷിക്കാൻ കഴിഞ്ഞത്. 119 മൃഗങ്ങളെയും സേന സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു.

കേരളത്തിന്റെ നാവികസേന

കൊല്ലം വാടിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന ബോട്ടുകൾ ലോറിയിൽ കയറ്റി പോകുന്നു.

2018 ലെ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടുകൾ ചെങ്ങന്നൂരിലേക്ക് കൊണ്ടു പോകുന്നതിനായി പോലീസ് – മത്സ്യഫെഡ്-മത്സ്യത്തൊഴിലാളി സംഘ നേതാക്കളുടെ മീറ്റിംഗ് അർദ്ധരാത്രി നടന്നു.  പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലേയും എറണാകുളം മുനമ്പത്തേയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളുമാണ്. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തന ദൌത്യങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിച്ചത്. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ളവയാണ് പ്രളയസമയത്ത് മൂന്നു ദിവസങ്ങളിലായി രാവും പകലുമില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.

ഐടിബിപിയുടെയും ആർമിയുടേയും സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കണ്ണുരിൽ നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്.

ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിപ്പിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ, രക്ഷാപ്രവർത്തതനങ്ങളിൽ വലിയ സഹായമാണ് മത്സ്യബന്ധന ബോട്ടുകളും മത്സ്യതൊഴിലാളികളും നൽകിയിട്ടുള്ളത് എന്നു വിലയിരുത്തി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു. ബോട്ടുടമകളും പൊതുവെ നല്ലനിലയിൽ സഹകരിച്ചിട്ടുണ്ടെന്നും ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപ വച്ച് നൽകണമെന്ന നിർദ്ദേശവും നൽകിയതായി അറിയിച്ചു. രക്ഷാ പ്രവർത്തനത്തിനിടയിൽ തകർന്നുപോയ ബോട്ടുകളുടെ കേടുപാടുകൾ സർക്കാർ മേൽനോട്ടത്തിൽ തന്നെ തീർത്തുകൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നറിയിച്ചു. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിനായി എങ്ങനെയാണോ ബോട്ടുകളെ എത്തിച്ചത്, അതേ തരത്തിൽ തന്നെ അത് മടക്കിയെത്തിക്കണമെന്ന് നിർദ്ദേശവും നൽകി.

Comments are closed.