‘സ്വയംഭോഗം’ പോലൊന്നിനെ തലനാരിഴ കീറി അവലോകനം ചെയ്യുന്നതുകൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ?; ബാലചന്ദ്ര മേനോന്‍

വനിതാ ദിനത്തോടനുബന്ധിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ. തന്നെ ഞെട്ടിച്ചത് വനിതാ ദിന സ്‌പെഷ്യലായി ഒരു ദിനപത്രത്തില്‍ വനിതകള്‍ നടത്തിയ ചര്‍ച്ചയാണ്. പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയംഭോഗം പോലൊന്നിനെ തലനാരിഴ കീറി അവലോകനം ചെയ്യുന്നതുകൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്ര മേനോന്റെ വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അലസമായ മൗനത്തിനു ശേഷം വീണ്ടും …
ഏവര്‍ക്കും സുഖമെന്ന് കരുതട്ടെ .
നന്നായി വിശന്നാല്‍ മാത്രമേ മൃഗങ്ങള്‍ ഭക്ഷണത്തിനായി ഇരയെ കൊല്ലാറുള്ളു എന്ന് കേട്ടിട്ടുണ്ട് . അതായത്, ഏതു നേരവും ‘ചക്കാത്തിനാണെങ്കില്‍ ‘ പ്രത്യേകിച്ചും , ഒരു മടിയുമില്ലാതെ ഭക്ഷിക്കുന്ന മഹാമനസ്‌കത മനുഷ്യന് മാത്രം സ്വന്തം …

എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ ഒരു മൃഗമാണെന്നു തോന്നുന്നു . എന്തെന്നാല്‍ ‘അയ്യോ! ഇന്ന് ഒന്നും എഴുതിയില്ലല്ലോ’ എന്ന് ഞാന്‍ ആലോചിക്കാറില്ല . എന്നെ കൊണ്ട് എഴുതിക്കുന്നതു ചുറ്റുവട്ടം ആണെന്ന് പറയാം. അതിനു പ്രേരണയായി ഒരു ‘വിമ്മിട്ടം’ ഉള്ളില്‍ തോന്നും . കഴിഞ്ഞ കുറെ മണിക്കൂറുകളായി ആ ‘വിമ്മിട്ടം’ എന്നെ ബുദ്ധിമുട്ടിക്കുന്നു . അതുകൊണ്ടു കുറിക്കുകയാണ്…

‘ഉണ്ടുകഴിഞ്ഞ നായര്‍ക്ക് ഒരു വിളി തോന്നി.’ എന്നോ ‘കടന്നല്‍ കൂട്ടില്‍ കല്ലെറിയേണ്ട എന്തേലും കാര്യമുണ്ടോ ‘ എന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയതിനെ അതിജീവിച്ചിട്ടാണ് ഈ കുറിപ്പ് . .
തുടക്കത്തിലേ ഒന്ന് പറഞ്ഞോട്ടെ ….ഞാന്‍ ഒരു സ്ത്രീ വിദ്വേഷിയല്ല എന്ന് മാത്രമല്ല ചിന്തകളിലും വാക്കുകളിലും ആഖ്യാനങ്ങളിലും സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ആള്‍ ആണെന്നുള്ളതിനു എന്റെ ഇന്നു വരെയുള്ള സിനിമകള്‍ തന്നെ സാക്ഷ്യം. നാം ജീവിക്കുന്ന സമൂഹത്തിന്റെ ശീലുകള്‍ കണ്ടാണ് നാം പെരുമാറുന്നത് അല്ലെങ്കില്‍ പെരുമാറേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു . എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു ‘ ഇന്നലെ ചെയ്‌തോരബദ്ധം നാളത്തെ ആചാരമാകാം ‘എന്ന ഉദ്ധരണിയില്‍ ആശ്വാസം കണ്ടെത്തരുത് . ഭരണഘടനയില്‍ തന്നെ കീഴ് വഴക്കങ്ങള്‍ക്കു (CUSTOMS) അങ്ങേയറ്റത്തെ വില നാം കല്പിക്കാറുമുണ്ട് .നമുക്ക് നമ്മെ വെളിവാക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശങ്ങള്‍ അനുവദിക്കുന്നുമുണ്ട് .ഇത്രയും പരത്തിപറഞ്ഞതിന് ശേഷം കാര്യത്തിലേക്കു കടക്കാം …

ഇന്നലെ വനിതാദിനവുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ പലരീതിയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടായിരുന്നു. ലിംഗവ്യത്യാസം ഒരിക്കലും കാണിക്കരുത് എന്ന അടിസ്ഥാനതത്വമാണ് എല്ലാറ്റിനും ആധാരം. എന്നാല്‍ LADIES FIRST , LADIES ONLY എന്നീ പ്രയോഗങ്ങള്‍ സുലഭമായി ഇപ്പോഴും അത്യാവശ്യങ്ങള്‍ക്കു ഉപകാരപ്പെടുത്തുന്നുമുണ്ട്. എന്തിനധികം പറയുന്നു ..’.ഒരു സ്ത്രീയോട് അങ്ങിനെ പറയാമോ , പെരുമാറാമോ എന്ന് വേണ്ട ഒരു സ്ത്രീ നില്‍ക്കുമ്‌ബോള്‍ അങ്ങിനെ ഒരു സംസാരമുണ്ടാകാമോ ‘ എന്ന് വരെ വാദിക്കുന്ന സദാചാരക്കാര്‍ക്കും ഇന്നും ഒരു ക്ഷാമവുമില്ല .

എന്നെ ഞെട്ടിച്ചത് വനിതാദിനം സ്‌പെഷ്യലായി ഒരു ദിനപത്രത്തില്‍ വനിതകള്‍ നടത്തിയ ഒരു ചര്‍ച്ചയാണ് …

വിഷയം സ്ത്രീകള്‍ക്കിടയിലെ സ്വയം ഭോഗം അഥവാ MASTERBATION !

എന്താണ് ഇതിന്റെ ഉദ്ദേശം ? വനിതാ ദിനത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഈ വിഷയം തന്നെ തെരഞ്ഞെടുത്തതുകൊണ്ട്, പലരും ഗോപ്യമായി കൈകാര്യം ചെയ്യുന്ന ഒന്നിനെ ഒരു കൂസലും കൂടാതെ മഹിളകള്‍ പരസ്യമായി തലനാരിഴ കീറി അവലോകനം ചെയ്യുന്നതു കൊണ്ട് സ്ത്രീ പുരുഷനു തുല്യമാകുമെന്നു കരുതുന്നുണ്ടോ? ഇതിനേക്കാള്‍ ഭംഗിയായി, നാം പുറത്തുപറയാന്‍ ലജ്ജിക്കുന്ന, എന്നാല്‍, സ്വകാര്യതയില്‍ ആവോളം ആസ്വദിക്കാന്‍ പറ്റുന്ന കിടക്കറ വിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ യുറ്റ്യൂബില്‍ സുലഭമാണ്. ആ പ്രവണതയെ നാം എങ്ങിനെ ന്യായീകരിക്കും ?

ആര്‍ത്തവത്തില്‍ തുടങ്ങിയാണ് ഈ അപഥസഞ്ചാരം. സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആര്‍ത്തവം എന്ന നിരുപദ്രവമായ , ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവല്‍ക്കരിച്ചു ‘ആര്‍പ്പോ ആര്‍ത്തവം ‘ എന്ന ഒരു പ്രതിഭാസം വരെയാക്കി ! ആര്‍ത്തവം ഇന്നലെ ആരും കണ്ടുപിടിച്ചതല്ല .പണ്ടുകാലത്ത്. ‘പുറത്തുമാറി ‘ എന്നും ‘തീണ്ടാരിയാ ‘ എന്നുമൊക്കെ അടക്കിപറഞ്ഞിരുന്ന ഒന്നിന് ബുദ്ധിജീവികള്‍ക്കിടയില്‍ ഇടം കിട്ടിയത് ഇടക്കാലഘട്ടത്തില്‍ ഏതോ പുരോഗമനസാഹിത്യകാരന്‍ (‘?) ’ആര്‍ത്തവരക്തത്തിന്റെ ചുവപ്പു നിറത്തെ അസ്തമയ സന്ധ്യയുമായി താരതമ്യം ചെയ്തപ്പോഴാണ്..ആര്‍ത്തവത്തെപ്പറ്റി സമൂഹത്തില്‍ വനിതകള്‍ അധരവ്യായാമം നടത്തിയാല്‍ സ്ത്രീ ശാക്തീകരണം ഉറപ്പായും ഉണ്ടാകുമോ ?

എനിക്ക് തോന്നുന്നു …സ്ത്രീയെ വില്പനച്ചരക്കാക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകള്‍ക്കു പരസ്യമായി സംവദിക്കാന്‍ ആര്‍ത്തവവും സ്വയംഭോഗവും വിഷയങ്ങളായി കണ്ടെത്തുന്നവരുടെ കെണിയില്‍ ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ കൈമോശം വരരുത്. വനിതകളുടെ സജീവമായ ശ്രദ്ധ പതിയേണ്ട എന്തെന്തു വകകള്‍ നമ്മുടെ സമൂഹത്തിലുണ്ട്? യൊവ്വനയുക്തയായ ഒരു വനിതയുടെ തുറന്ന മാറിടത്തില്‍ ഒട്ടിച്ചേര്‍ന്നു പാലുകുടിക്കുന്ന ഒരു ദൃശ്യം കവര്‍ ഫോട്ടോ ആയി കാണിച്ചു നാല് കാശ് ഉണ്ടാക്കാനുള്ള കച്ചവട ശ്രമത്തെ മുലയൂട്ടല്‍ വാരത്തിന്റെ പെടലിക്ക് കെട്ടിവെക്കുന്ന അധമമായ ചിന്തയോട് യോജിക്കാന്‍ കഴിയുന്നില്ല .

ഞാന്‍ മനസ്സിലാക്കുന്നത് ഇവിടെ ചിലര്‍ സ്ത്രീകളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. പുരുഷ സമത്വം എന്ന മോഹം കൊതിപ്പിച്ചു മാധ്യമങ്ങ്ങളും സംഘടനകളും ചുടു ചോറ് വാരിക്കുകയാണ്. ഈ അര്‍ത്ഥമില്ലാത്ത മാത്സര്യം ഒഴിവാക്കാനാണ് നാം അര്‍ത്ഥനാരീശ്വരസങ്കല്പം കണ്ടെത്തിയത്. ഞാന്‍ അതിന്റെ ആരാധകനാണ്. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുടെ നിഴല്‍ ഉണ്ടാകും എന്ന് വെറുതെയല്ല പറയുന്നത് എന്ന് ഓര്‍ക്കുക .

എനിക്ക് പറയാനുള്ളത് ഇവിടെ നമുക്ക് ഇടയില്‍ അതായത് ആണിനും പെണ്ണിനും ഇടയില്‍ ഒരു പ്രശ്‌നവുമില്ല . അഥവാ ഉണ്ടായാല്‍ തന്നെ നാം അത് ഒരു നോട്ടം കൊണ്ട് അല്ലെങ്കില്‍ കള്ളച്ചിരി കൊണ്ട് പരിഹരിക്കും. ‘ ചേട്ടന് പണ്ടത്തെപ്പോലെ എന്നെ ഇഷ്ട്ടമല്ല ‘ എന്ന് പറഞ്ഞു കേള്‍ക്കുമ്‌ബോള്‍ വഴക്കുണ്ടാക്കി ഫാമിലി കോര്‍ട്ടില്‍ പോകണ്ട . കൂടുതല്‍ സ്‌നേഹവും പരിചരണവും കൊടുത്താല്‍ മാത്രം മതി. പുരുഷന് ചെയാവുന്ന എന്തും സ്ത്രീക്ക് പുഷ്പ്പം പോലെ ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ശിരസ്സു കുനിച്ചു പറയുന്നു. ഒരുപക്ഷെ പെട്ടെന്നുണ്ടാകുന്ന ഒരു പ്രശ്‌നത്തെ നയത്തില്‍ കൈകാര്യം ചെയ്യാനും പരിചയമില്ലാത്ത ഒരു വ്യക്തിയെ ശരിയായ രീതിയില്‍ വിലയിരുത്താനും പുരുഷനേക്കാള്‍ സാമര്‍ഥ്യം സ്ത്രീക്കാണെന്നാണ് എന്റെ അനുഭവം.

യാദൃച്ഛികമാവാം വനിതാദിനത്തില്‍ തന്നെ വനിതാ പൈലറ്റിനോട് ഒരു ടാക്‌സി ഡ്രൈവര്‍ അപമര്യാദയായി പെരുമാറി എന്ന വാര്‍ത്തയും വായിച്ചുകണ്ടു. സ്ത്രീകള്‍ മാത്രം മേധാവിത്വം വഹിക്കുന്ന ഒരു സിനിമയെപ്പറ്റിയും വായിച്ചു. പുരുഷ സാന്നിധ്യം വര്‍ജ്യമാണെന്നൊരു സന്ദേശം നല്‍കുന്നതില്‍ എന്താണര്‍ത്ഥം ?

അനാരോഗ്യകരമായ ഈ പ്രവണത അഭിലഷണീയമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം . നാം സ്വയം നന്നാവുകയും പരസ്പ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുക. (ഞാന്‍ ഇത്രയും പറഞ്ഞതുകൊണ്ട് ലോകം നന്നായിക്കോളും എന്ന ധാരണയൊന്നും എനിക്കില്ല എന്ന് കൂടി സൂചിപ്പിച്ചുകൊള്ളട്ടെ.)

പിന്നെ,പറയേണ്ടത് നിങ്ങളോടു പറഞ്ഞപ്പോള്‍ ഒരു ആശ്വാസം. ഇപ്പോഴത്തെ മാധ്യമ വിചാരണക്ക് ഇങ്ങനെ വിധേയരാകാന്‍ തുനിഞ്ഞാല്‍ നാളെ ഏതാനും പൂര്‍ണ്ണ ഗര്‍ഭിണികള്‍ ഒത്തിരുന്നു ഗര്‍ഭം ധരിക്കുന്ന വേളയിലെ മധുര സ്മൃതികള്‍ പങ്കു വെച്ചെന്നിരിക്കും . അതിന്റെ copyright ഗര്ഭസ്ഥശിശുവിനാണെന്നു പോലും ഓര്‍ക്കണമെന്നില്ല .

അല്ലെങ്കിലും പെണ്ണായാല്‍ ‘ഇച്ചിരി’ നാണം വേണം. കാവ്യഭാവന പറയുന്ന പോലേ ‘കാലുകൊണ്ട് നഖം ‘ വരയ്ക്കണം എന്നൊക്കെ പറയാന്‍ ഞാന്‍ ‘പോഴനൊ’ ന്നുമല്ല. എപ്പോഴും നാണിക്കണമെന്നുമില്ല . നാണം വരുമ്‌ബോള്‍ അതിനെ തടയാതിരുന്നാല്‍ മതി . നാണിച്ചാല്‍ എന്റെ ‘മൂച്ചൊക്കെ’ പോകും എന്ന അബദ്ധധാരണ വേണ്ട .അല്ലെങ്കില്‍ തന്നെ നാണമില്ലാത്ത പെണ്ണ് ഉണ്ടോ എന്ന് എനിക്ക് സംശയമാണ് .
അല്ലെങ്കില്‍ കോടതി എന്തിനാ ഇപ്പോഴും ചില കേസുകള്‍ IN CAMARA’ കേള്‍ക്കുന്നത് ?
എന്തിനാ വനിതാ ജഡ്ജി വേണമെന്ന് പറയുന്നത് ? ഞാന്‍ സമാഹരിക്കുന്നു .

നമ്മള്‍ ആണും പെണ്ണും പരസ്പ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും കഴിയും . അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന അന്വേഷണം ആര് വേണമെങ്കില്‍ നടത്തട്ടെ ..That is their BUSINESS ..
ഫേസ് ബുക്ക് മിത്രങ്ങള്‍ക്കു എനിക്ക് തുറന്നെഴുതാം …

Comments are closed.