പ്രളയം പടിയിറങ്ങുമ്പോൾ…..

കാസർകോഡ്

2018 ലെ വെള്ളപ്പൊക്കത്തിൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. തുടർച്ചയായി പെയ്ത് കനത്ത മഴയിൽ പ്രദേശങ്ങളിൽ വെള്ളപൊക്കമുണ്ടായി . വീടുകളിലും വ്യാപാരസ്ഥാനങ്ങളിലും അടക്കം വെള്ളം കയറുകയും ഗതാഗതം സ്തംഭിക്കുകായും ചെയ്തു. 3 .88 കോടിയുടെ നാശനഷ്ടങ്ങൾ ജില്ലയിൽ ഉണ്ടായത്.

കണ്ണൂർ

ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതിയിലും 74 വീടുകൾ പൂർണമായും രണ്ടായിരത്തോളം വീടുകൾ ഭാഗികമായും തകർന്നു. കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്. 635 ഹെക്ടറിലാണ് കൃഷിനാശമുണ്ടായത്. വിളനാശത്തിനു പുറമെ പലയിടത്തും കൃഷി ഭൂമിതന്നെ ഒലിച്ചുപോയി. കാലവർഷക്കെടുതിയിൽ കൃഷിനാശം കാരണം 21.26 കോടിയുടെ നഷ്ടമുണ്ടായി. ഉരുൾപൊട്ടലിൽ മാത്രം 1.65 കോടിയുടെ കൃഷിയും കൃഷി ഭൂമിയുമാണ് നശിച്ചത്. മലയോര മേഖലയിൽ 198 കുടുംബങ്ങളിലായി 633 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ മുന്നൂറോളം വീടുകളിൽ വെള്ളം കയറി. അയ്യങ്കുന്ന്, നുച്യാട്, വയത്തൂർ, ചാവശ്ശേരി, കോളാരി, വിളമന, കേളകം, ആറളം, ഇരിക്കൂർ, കൊട്ടിയൂർ, എരിവേശ്ശി, ചെങ്ങളായി, ഉളിക്കൽ വില്ലേജുകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.

എരിവേശ്ശി, ഉളിക്കൽ, കേളകം, അയ്യങ്കുന്ന് വില്ലേജുകളിലുണ്ടായ മണ്ണിടിച്ചിലിൽ 5266840 രൂപയുടെ കൃഷി നശിച്ചു. വളപട്ടണം പുഴ മൽമ്യാര മേഖലയിലെ ഉരുൾപൊട്ടലും മലവെള്ളവും കാരണം കലങ്ങിയതിനാൽ പമ്പിങ്ങ് നിർത്തിവെച്ചു. ഇരിട്ടി താലൂക്കിലെ അടക്കാത്തോട്, ശാന്തിഗിരി, കൈലാസപ്പടി മേഖലകളിൽ ഭൂമിയിലും കെട്ടിടങ്ങളിലും വിള്ളലുകൾ ഉണ്ടായി. ഇത് സോയിൽ പൈപ്പിംഗ് പ്രതിഭാസമാവാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്.

വയനാട്

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ മൂന്നുഷട്ടറുകളും കൂടി തുറന്നത് 80 സെന്റി മീറ്ററായി നിജപ്പെടുത്തി. രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്ററും ഒരു ഷട്ടർ 20 സെന്റിമീറ്റർ എന്ന നിലയിലാണ് വെള്ളം പുറത്തുവിടുന്നത്. ഇടമുറിയാതെ പെയ്ത മഴ പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. പനമരം പുഴക്കരയിലെ കൃഷി അസിസ്റ്റന്റ് ഡയറകടർ, ഐ.സി.ഡി.എസ് ഓഫീസുകളിൽ വെള്ളം കയറി ഫയലുകളും കമ്പ്യൂട്ടറും പൂർണ്ണമായും നശിച്ചു. കോട്ടത്തറ അങ്ങാടിക്ക് തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയിൽ നിന്നുള്ള വെള്ളം കോട്ടത്തറ-പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകർത്തു. കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാർഡുകളൊഴികെ മറ്റ് 10 വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടു.

വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയിൽ, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ടു. മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലായി. ജില്ലയിലെ 126 ദുരിതാശ്വാസ ക്യാമ്പുകളിൽ 3768 കുടുംബങ്ങളിൽ നിന്നായി 13,916 പേർ കഴിഞ്ഞു.

ജില്ലയിൽ നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തി വയനാട് കളക്‌ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നൽകാൻ തീരുമാനിച്ചു.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ പ്രളയ ഭീഷണിയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി. മറിപ്പുഴയും ഇരുവഞ്ഞിപ്പുഴയും കര കവിഞ്ഞൊഴുകി. കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് അച്ഛനും മകനും മരിച്ചു. പുല്ലൂരാംപാറ–തിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടിപ്പുഴയിൽ ആറടിയോളം‍ വെള്ളമുയർന്നു. കുറ്റ്യാടി ടൗണിലെ കടകളിൽ വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴിയിൽ വെള്ളം കയറി. ദേശീയപാതയിൽ നെല്ലാങ്കണ്ടി, വാവാട് സെന്റർ, താഴെ പടനിലം, വെണ്ണക്കാട് എന്നിവിടങ്ങളിൽ പൂനൂർ പുഴയിൽ നിന്ന് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ബോട്ട് സർവീസ് പ്രവർത്തിച്ചു. കക്കയം ഡാം പെരുവണ്ണാമൂഴി ഷട്ടർ തുറന്നതിനാൽ കുറ്റ്യാടിപ്പുഴയിൽ വെള്ളം പൊങ്ങി.

ജില്ലയിൽ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ഇതിൽ 13700 കുടുംബങ്ങളിൽ നിന്നായി 44328 പേരാണ് അഭയം തേടിയത്. കോഴിക്കോട് താലൂക്കിൽ 39 വില്ലേജുകളിലായി 187 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 9960 കുടുംബങ്ങളിൽ നിന്നും 31038 പേരാണുണ്ടായിരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ഓപറേഷൻ നവജീവൻ ആരംഭിച്ചു.

മലപ്പുറം

2018 ലെ വെള്ളപ്പൊക്കം മലപ്പുറം ജില്ലയെയും കാര്യമായി ബാധിച്ചു. തുട‍ർച്ചയായ മഴയും നിലമ്പൂർ, കാളികാവ് മേഖലയിൽ ഉണ്ടായ ഉരുൽപൊട്ടലും മൂലം കടലുണ്ടിപ്പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകിയതാണ് മലപ്പുറം ജില്ലയി‍ൽ ദുരിതത്തിന് ഇടയാക്കിയത്. കേരളത്തിലെ ഇതര ജില്ലകളെ അപേക്ഷിച്ച് വെള്ളപ്പൊക്കതോത് കുറവായിരുന്നെങ്കിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരണ സംഖ്യ വ‍ർദ്ധിച്ചു. മെയ് 29 മുതൽ ഓഗസ്ത് 24 വരെ 48 പേർ മരണപ്പെട്ടതായിട്ടാണ് കണക്ക്.12 ലക്ഷത്തിലധികം പേരെ ജില്ലയിൽ ഈ പ്രളയം നേരിട്ട് ബാധിച്ചു. രണ്ട് ദിവസത്തോളം കടലുണ്ടിപ്പുഴയിലെ വെള്ളം ഉയ‍ർന്നു നിന്നതിനാ‍ൽ പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകളി‍ൽ വെള്ളം കയറി.

ചാലിയാർ കര കവിഞ്ഞൊഴുകി നിലമ്പൂർ ടൌൺ വെള്ളം മൂടി. കുന്തിപ്പുഴയും അതിന്റെ കൈവഴികളും തോടുകളും കര കവിഞ്ഞു ഒഴുകിയതു മൂലം പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ എന്നിവമൂലം നിരവധി വീടുകൾക്കും റോഡുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

നിലമ്പൂ‍ർ, ഏറനാട്, കൊണ്ടോട്ടി താലുക്കുകളിലാണ് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. 540 വീടുകൾ പുർണമായും 4241 വീടുകൾ ഭാഗികമായും തകർന്നു. 191 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വ്യാപകമായ കൃഷിനാശവും മലപ്പുറം ജില്ലയിലുണ്ടായി. 11614 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കിൽ പറയുന്നത്. 615 ഹെക്ട‍ർ നെ‍ൽകൃഷിയും നശിച്ചു. 56,000 റബ‍ർമരങ്ങളും 840 ഹെക്ടർ കപ്പകൃഷിയും 671 ഹെക്ട‍ർ പച്ചക്കറി കൃഷിയും വെള്ളപ്പൊക്കതിൽ നശിച്ചു. നെടുമ്പാശേരി എയ‍ർപോർട്ട് വഴി യാത്രപോകാൻ ഉദ്ദേശിച്ചവ‍ർക്ക് മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് എയ‍ർപ്പോ‍ർട്ടിനെ വെള്ളപ്പൊക്കം ബാധിക്കാത്തതിനാൽ വിമാനയാത്ര അനുഗ്രഹമായി. ഓഗസ്റ്റ് 9 നു നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിനു സമീപം എരുമമുണ്ടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 6 പേർ മരിച്ചു. ഓഗസ്റ്റ് 15 നു മണ്ണിടിഞ്ഞു കൊണ്ടോട്ടി പൂച്ചാലിൽ ഒരു കുടുംബത്തിലെ 3 പേരും കൊണ്ടോട്ടി പെരിങ്ങാവിൽ ഒരു കുടുംബത്തിലെ 5 പേർ അടക്കം 9 പേരും മരിച്ചു. ഊർങ്ങാട്ടിരി വെറ്റിലപ്പാറ നെല്ലിയായി ആദിവാസി കോളനിയിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ 4 പേർ അടക്കം 7 പേർ മരിച്ചു.

പാലക്കാട്

അര നൂറ്റാണ്ട് ചരിത്രത്തിനിടയിലെ വലിയ വെള്ളപ്പൊക്കമായിരുന്നു പാലക്കാട് അനുഭവിച്ചത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 150 സെന്റിമീറ്ററിൽ നിന്ന് 63 സെന്റിമീറ്ററിലേക്ക് താഴ്ത്തി. പുഴയോരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി. നദികൾ കരകവിഞ്ഞൊഴുകി ശേഖരിപുരം,കൽപ്പാത്തി, കഞ്ചിക്കോട്, പുതുപരിയാരം, മാട്ടുമന്ത തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം   വെള്ളത്തിലായി. 21 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുടങ്ങിയത്. 2025 പേരെ വിവധ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചു. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം സജീവമായിരുന്നു. ഭക്ഷണപ്പൊതി ഉൾപ്പെടെ സേനാംഗങ്ങൾ വിതരണം ചെയ്തു. ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശമായ റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു.

പ്രളയക്കെടുതിയിൽ നെല്ലിയാമ്പതി പൂർണ്ണമായും ഒറ്റപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നിരവധിപ്പേർ കുടുങ്ങി. ഗതാഗതം പൂർണമായും തടസപ്പെട്ടു. പോത്തുണ്ടി ഡാമിൽ നിന്നും നെല്ലിയാമ്പതി എത്തുന്നത് വരെയുള്ള വഴിയിൽ 74 സ്ഥലങ്ങളിലായി വലിയ മരങ്ങൾ വീണ് റോഡ് തകർന്നു.  കുതിരാൻ ഉൾപ്പെടെ പതിനാല് ഇടങ്ങളിൽ മണ്ണ് ഇടിഞ്ഞു ഉരുൾപൊട്ടി. ഹെലികോപ്റ്റർ മാർഗ്ഗമല്ലാതെ അവിടേക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട തോട്ടം തൊഴിലാളികളെ സഹായിക്കാൻ വ്യോമസേന രംഗത്തിറങ്ങി. വൈദ്യസഹായം ആവശ്യമുള്ളവരെ ഹെലികോപ്റ്ററുകളിൽ പാലക്കാട്ടെത്തിച്ചു. നെന്മാറ മുതൽ നെല്ലിയാമ്പതി വരെ ഉരുൾപൊട്ടലിൽ പതിനഞ്ച് കിലോമീറ്റർ റോഡ് തകർന്നു. ചെറുനെല്ലി ആദിവാസി കോളനിക്ക് സമീപമുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നെല്ലിയാമ്പതിയിലേക്കെത്തുന്ന രണ്ട് പാലങ്ങളും റോഡും പൂർണമായും തകർന്നു.

തൃശ്ശൂർ

ആദ്യ നാളിൽ കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തൃശൂരും തിരുവനന്തപുരവും കോഴിക്കോടും അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. തുടക്കത്തിൽ ഇടുക്കിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പെരിയാർ മൂലമുള്ള ഭീഷണിയിലൂടെ തെക്കുവശത്തുള്ള എറണാകുളം ജില്ലയും, അതേ സമയം വടക്കുള്ള പാലക്കാട്. മലപ്പുറം ജില്ലകളും പ്രളയബാധിതമായപ്പോൾ ഇടയിലുള്ള തൃശൂർ ജില്ല ഏറെക്കുറേ സുരക്ഷിത പ്രദേശമായി നിലനിന്നിരുന്നു. പിന്നീട് ജില്ലയിലെ ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്.

പെരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടതാണ് പുഴ കരകവിയാൻ കാരണമായത്. അണക്കെട്ടുകളിൽ ഏറ്റവും താഴെയുള്ള പെരിങ്ങൽകുത്ത് അണക്കെട്ടിൽനിന്ന് വെള്ളം ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്നതിന് പകരം അണക്കെട്ട് തന്നെ കവിഞ്ഞൊഴുകുകയായിരുന്നു. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു.

തൃശ്ശൂർ ജില്ലയിലെ പീച്ചി അണക്കെട്ട് തുറന്നു വിടാത്തിനാൽ മണലി പുഴ കരകവിഞ്ഞ് ഒഴുകി ആമ്പല്ലൂർ, കല്ലൂർ ഗ്രാമങ്ങൾ വെള്ളക്കെട്ട് കൊണ്ട് വലഞ്ഞു. തൃശൂരിലെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടിൽ നെല്ലായി, ആമ്പല്ലൂർ, പാലിയേക്കര ടോൾപ്ലാസ എന്നി സ്ഥലങ്ങൾ മുങ്ങി, ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പട്ടിക്കാട് ഭാഗത്ത് മലകൾ ഇടിഞ്ഞു നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെള്ളപ്പൊക്കത്തിൻ്റെ അവസാനഘട്ടത്തിൽ തൃശൂർ കോൾപാടങ്ങളിലും വെള്ളം കയറി.

എറണാകുളം

അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടർന്നതിനാൽ ഇടമലയാർ‌ അണക്കെട്ടിന്റെ പൂർണ്ണ സംഭരണശേഷിയായ 169.5 മീറ്ററിനും മുകളിൽ അണക്കെട്ടിലെ ജലനിരപ്പ് എത്തിയതോടെ ആഗസ്റ്റ് 9 നു വെളുപ്പിന് അഞ്ച് മണിയ്ക്ക് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാർ കര കവിഞ്ഞൊഴുകി. ഇതോടൊപ്പം അടുത്ത ദിവസങ്ങളിൽ ക്രമാതീതമായി ജലനിരപ്പ‌് ഉയർന്നതിനെ തുടർന്ന‌് ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളും ഓരോന്നായി തുറക്കുകയും ഇതോടൊപ്പം ഇടുക്കി അണക്കെട്ടിലേയ്ക്കു മുല്ലപ്പെറിയാറിലെ അധിക ജലം എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിത്തീർന്നു.

ഇടുക്കിയുടെ ആകെയുള്ള അഞ്ച‌് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഏഴുലക്ഷം ലിറ്റർ (700 ഘനയടി) വെള്ളമാണ‌് പുറത്തേക്ക‌് ഒഴുകിയിരുന്നത്. 50,000 ലിറ്റർ ജലം തുറന്നുവിട്ട‌് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം ഒരു ഷട്ടർ തുറന്നതെങ്കിലും നീരൊഴുക്ക് അതിശക്തമായി നിലനിന്നതിനേത്തുടർന്ന് ഡാമിന്റെ ഷട്ടർ തുറന്നുതന്നെ വയ്ക്കുകയും ആഗസ്റ്റ് 10 വെള്ളിയാഴ്ച രാവിലെ ഏഴു മണിയ്ക്ക് രണ്ടുഷട്ടറുകൾ കൂടി അധികമായി തുറക്കുകയും ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ‌് 2401 പിന്നിട്ടപ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലം തുറന്നുവിട്ടു. പിന്നീട‌് ജലനിരപ്പ് 2401.50 അടി കടന്നപ്പോൾ അന്നേ ദിവസം ഒരു മണിക്കും ഒന്നേമുക്കാലിനുമിടയിൽ രണ്ട‌ുഷട്ടർ കൂടി തുറന്നു. ഈ ദിവസങ്ങളിൽ അതിവൃഷ്ടിയെത്തുടർന്ന് സെക്കൻഡിൽ 950 ഘനയടിയാണ‌് ഇടുക്കി സംഭരണിയിലേക്ക‌് എത്തിയിരുന്നത്. ഈ ജലം മുഴുവൻ പെരിയാറിലൂടെ ഒഴുകിയെത്തുകയും എറണാകുളം ജില്ലയിലെ അനേകം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

പുഴയുടെ തീരപ്രദേശങ്ങളിലനുഭവപ്പെട്ട കനത്ത മഴയാൽ ജലനിരപ്പ് ഉയർന്നുനിന്ന അതേ സമയത്താണ് അണക്കെട്ടുകൾ തുറന്നു വിട്ടത്. ഇതോടൊപ്പം ഇടമലയാർ, ഭൂതത്താൻ കെട്ട് അണക്കെട്ടുകളിലെ ജലവും കൂടിച്ചേർന്നപ്പോൾ ആലുവാ മണപ്പുറം മുങ്ങിപ്പോകുകയും സമീപ പ്രദേശങ്ങളാകെ ജലനിരപ്പ് ഉയരുകയും തീരപ്രദേശം പൂർണ്ണമായി ജലത്തിനടിയിലാകുകയും ചെയ്തു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് കോതമംഗലം, കുന്നത്തുനാട്, കണയന്നൂർ, ആലുവ, കാലടി, അങ്കമാലി, അത്താണി, പെരുമ്പാവൂർ, മുപ്പത്തടം, ഏലൂർക്കര, ചിറ്റാറ്റുകര പ്രദേശങ്ങളെയാണ്. ആലുവ, ഏലൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ഭവനങ്ങളുടെ രണ്ടാം നിലകളിൽവരെ പ്രളയ ജലം ഉയർന്നിരുന്നു.

പെരിയാർ കരകവിഞ്ഞ് ഒഴുകിപ്പരന്നതോടെ ആലുവയിൽ ദേശീയ പാത വെള്ളത്തിനടിയിലായിരുന്നു. എംസി റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. അതിനു മുമ്പുതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. നെടുമ്പാശ്ശേരി, ആലുവ, അങ്കമാലി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പെരിയാറിനു തീരത്തെ കാലടി പൂർണ്ണമായി ഒറ്റപ്പെട്ടിരുന്നു.

ഇടുക്കി

തിമിർത്തു പെയ്ത മഴയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിടുവാൻ ഇടയാക്കിയത്. ഈ അവസരത്തിൽ സെക്കന്റിൽ ഏകദേശം 1024 ഘനമീറ്റർ എന്ന രീതിയിൽ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കു വർദ്ധിച്ചതോടെ ഷട്ടറുകൾ ഓരോന്നായി തുറക്കേണ്ടിവന്നു. സെക്കൻഡിൽ 1024 ഘനമീറ്റർ എന്ന നിലയ്ക്ക് നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2400 അടിക്ക് താഴെയെത്തിക എന്ന ലക്ഷ്യം മുൻനിറുത്തി ഷട്ടറുകൾ ഒന്നൊന്നായി തുറന്നു. വൈകുന്നേരം നാല് മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 2401.76 ലേയ്ക്കു സ്ഥിരപ്പെടുത്തുവാൻ സാധിച്ചു. ഇടുക്കി ജില്ലയിലെ ചെറുതോണി, മുല്ലപ്പെരിയാർ ഡാമുകൾ കനത്ത മഴയെത്തുടർന്ന് തുറന്നുവിട്ടതോടെ ചെറുതോണി നഗരം വെള്ളത്തിനടിയിലാകുകയും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജില്ലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെടുകയും ചെയ്തു.  വൈദ്യുതി, മൊബൈൽ എന്നിവ മുടങ്ങിയതോടൊപ്പം ഹൈറേഞ്ച് മേഖല പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു. അവയിൽ പ്രമുഖ സ്ഥാനം മൂന്നാറിനാണ്.

കനത്ത മഴയേത്തുടർന്ന് മൂന്നാറിൽ നിരവധി സഞ്ചാരികൾ കുടുങ്ങിയിരുന്നു. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ ജലം കുതിച്ചൊഴുകിയതോടെ കട്ടപ്പനയിലേയ്ക്കുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. വള്ളക്കടവു മുതൽ ഉപ്പുതറ ചപ്പാത്തു വരെ പെരിയാർ കരകവിഞ്ഞൊഴുകിയിരുന്നു. കടുത്ത പ്രളയത്തിൽ ഇടുക്കി ജില്ലയിൽ ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. പൊതുമരാമത്ത് വകുപ്പിനു മാത്രമുള്ള നഷ്ടം ഏകദേശം ആയിരം കോടിയിലധികം രൂപയാണെന്നു കണക്കാക്കപ്പെടുന്നു. പ്രളയത്തിൽ ജില്ലയിലെ 92 പാതകളും മൂന്നു പാലങ്ങളും തകർന്നടിഞ്ഞതിനാൽ ജില്ലയുടെ പുറത്തേയ്ക്കുള്ള വഴികൾ അടഞ്ഞു.

പ്രളയത്താൽ നാശം സംഭവിച്ച കൂടുതൽ പാതകളും ദേവികുളം സബ് ഡിവിഷനു കീഴിലുള്ളതായിരുന്നു. ഇടുക്കി സബ് ഡിവിഷനു കീഴിൽ ആകെയുണ്ടായിരുന്ന 86 പാതകളിൽ 83 എണ്ണവും സഞ്ചാരയോഗ്യമല്ലാതായിത്തീർ‌ന്നു. ജില്ലയിലെ പ്രധാന പാതകളിൽ കല്ലാർകുട്ടി പനംകുട്ടി പാത, കല്ലാർകുട്ടി മുനിയറ നെടുങ്കണ്ടം പാത, വെള്ളത്തൂവൽ രാജാക്കാട്, തൊടുപുഴ ഇടുക്കി, കട്ടപ്പന എറണാകുളം, എന്നീ റോഡുകളും, കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ അടിമാലി മൂന്നാർ പാത, കല്ലാർ മാങ്കുളം, മൂന്നാർ മറയൂർ ഉദുമൽപേട്ട പാത തുടങ്ങിയവയും ഗതാഗതയോഗ്യമല്ല. ചെറുതോണി-കട്ടപ്പന, കട്ടപ്പന-ഇരട്ടയാർ, കട്ടപ്പന-നെടുങ്കണ്ടം പാതകളും പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞു.

തൊടുപുഴ ഇടുക്കി വഴിയിലെ മീൻമുട്ടി പാലം, മൂന്നാർ മറയൂർ പാതയിലെ പെരിയാവാരെ പാലം, കട്ടപ്പന ശാന്തിഗ്രാം പാലം, എല്ലയ്ക്കൽ പാലം എന്നീ പാലങ്ങൾ തകർന്നു. ഏതാനും പാതകളിൽ നാമമാത്രമായി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവമൂലം ജില്ലയിൽ 10 പേർ മരിച്ചതായി സംശയിക്കപ്പെടുന്നു; ആറു പേരെ കാണാതാകുകയും ചെയ്തു. അടിമാലി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. നെടുങ്കണ്ടത്ത് പത്തുവളവിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരണമടഞ്ഞു. മുട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. അറക്കുളം പഞ്ചായത്തിലെ 20 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. അതിശക്തമായ കുത്തൊഴുക്കിൽ പള്ളിവാസൽ ആറ്റുകാട് പാലം തകർന്നു വീണിരുന്നു. മുഴിയാർ-ഗവി റൂട്ടിൽ അരണമുടിയിലും കൊക്കയാർ പഞ്ചായത്തിലെ മേലാരാം കാർഗിൽ കവലയിലും ഉരുൾപൊട്ടലുണ്ടാകുകയും പാതകൾ ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു.

കോട്ടയം

കോട്ടയം ജില്ലയുടെ കിഴക്കൻമേഖലകളായ പാല ഈരാറ്റുപേട്ട, തീക്കോയി, ഏന്തയാർ, മുണ്ടക്കയം, എരുമേലി, മണിമല ഭാഗങ്ങളിൽ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിൽ നദിയും മണിമലയാറും കരകവിഞ്ഞ് ക്രമാതീതമായ വെള്ളപ്പൊക്കം ഉണ്ടായി വൻ നാശനഷ്ടങ്ങൾ ഉണ്ടായി. അതേസമയംതന്നെ ഈ വെള്ളം ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളായ വൈക്കം, തലയോലപറമ്പ്, നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ വാർഡുകൾ, ചിങ്ങവനം, കുറിച്ചി., ചങ്ങനാശ്ശേരി, പായിപ്പാട് എന്നിവിടങ്ങളിൽ ആഴ്ചകൾ നീണ്ടുനിന്ന അതി തീവ്രമായ വെള്ളപ്പൊക്കം ഉണ്ടാക്കി.

450-ൽ അധികം ദുരിതാശ്വാസ ക്യാമ്പുകളിലായി അറുപതിനായിരത്തിൽപരം ആളുകൾക്ക് കഴിയേണ്ടിവന്നു.കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതുമൂലം അപ്പർ, ലോവർ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പല തവണ മാറ്റി സ്ഥാപിക്കേണ്ടി വന്നു.സർക്കാരിന്റേയും നിരവധി സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ദുരിതബാധിതർക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും വിതരണം ചെയ്തു വരുന്നു.450 അധികം ക്യാമ്പുകളിലായി 19.8.18 മുതൽ എൺപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 22.8.18 മുതൽ ക്യാമ്പിൽനിന്നും ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ദുരിതാശ്വാസക്യാമ്പുകളുടെ ഏകോപനത്തിനായി സർക്കാർ ഏജൻസികളെ കൂടാതെ സോഷ്യൽ മീഡിയകളും സൈറ്റുകളും നിർണ്ണായക പങ്ക് വഹിച്ച ഒരു സംഭവം കൂടിയായി ഇത് മാറി.

ആലപ്പുഴ

ആലപ്പുഴയിൽ കായലുകളും തോടുകളും കരകവിഞ്ഞൊഴുകി നഗരത്തിലേക്കു വെള്ളം കയറി. എഎസ് കനാൽ കവിഞ്ഞ് ആലപ്പുഴയിലേക്കു വെള്ളം കയറി. വേമ്പനാട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദ്ദേശം നൽകി. ബോട്ടുകൾ നൽകാത്ത ചിലരുടെ ലൈസൻസ് റദ്ദാക്കി. 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു. 700 ഓളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 50,754 കുടുംബങ്ങളിൽ നിന്നു 2,10,119 പേരാണു ക്യാംപുകളിൽ കഴിയുന്നത്. അമ്പലപ്പുഴയിൽ 150 ക്യാംപുകളിലായി 16854 കുടുംബങ്ങളിലെ 60860 പേരും ചേർത്തലയിൽ 60 ക്യാംപുകളിലായി 2900 കുടുംബങ്ങളിലെ 31552 പേരുമാണു കഴിയുന്നത്. മാവേലിക്കരയിൽ 148 ക്യാംപുകളിൽ 15200 കുടുംബങ്ങളിലെ 52,465 പേരും കാർത്തികപ്പള്ളിയിൽ 320 ക്യാംപുകളിലായി 15800 കുടുംബങ്ങളിലെ 65242 പേരും കഴിയുന്നു. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദ്ദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറി.

ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുസഹമായി.

കുട്ടനാട്ടിലെ സ്ഥിതി അതീവഗുരുതുതരമായി. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നു വലിയ അളവിൽ ആളുകളെ ഒഴിപ്പിച്ചു. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചമ്പക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലും പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളുടെ കിഴക്കേ മേഖലകളിലും ഒട്ടേറെപ്പേർ കുടുങ്ങി. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4,500ൽ അധികം പേരെ മാറ്റി. രാമങ്കരി, മുട്ടാർ പ്രദേശങ്ങളിലും പുളിങ്കുന്ന് കാവാലത്തും മുട്ടാർ, രാമങ്കരി ഭാഗത്തും എൻഡിആർഎഫിന്റെ സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തി. ലഭ്യമായ ശിക്കാര വള്ളങ്ങളും വഞ്ചിവീടുകളും തലവടി, എടത്വ, മുട്ടാർഭാഗങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ് . കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി – ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു.

ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിൽ ആയിരുന്നു. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല – കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ആയതിനാൽ ദിവസങ്ങളോളം എം. സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഇന്ത്യൻ എയർഫോർസിന്റെ ഹെലികോപ്റ്റർ മാർഗ്ഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു. 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.

കൊല്ലം

ജില്ലയിലെ 44 വില്ലേജുകൾ പ്രളയബാധിതമാണ്. ഏറ്റവും കൂടുതൽ കൊല്ലം താലൂക്കിലായിരുന്നു -16 വില്ലേജുകൾ. ജില്ലയിൽ 94 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4193 കുടുംബങ്ങളിലെ 14142 പേരെ മാറ്റി പാർപ്പിച്ചു. മൺറോതുരുത്തിലും കല്ലടയാറ്റിലും തുടർച്ചയായി മൂന്നു ദിവസത്തോളം ജലനിരപ്പ് ഉയർന്നു. കിടപ്രം, പെരുങ്ങാലം, പട്ടംതുരുത്ത്, കൺട്രാംകാണി ഭാഗങ്ങളിൽ നിന്ന് മുഴുവൻ കുടുംബങ്ങളേയും ഒഴിപ്പിച്ചു. ആയിരത്തിലധികം കുടുംബങ്ങൾക്ക് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടി വന്നു.

തിരുവനന്തപുരം

ജില്ലയിൽ കരമനയാർ കര കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജഗതി, കിള്ളിപ്പാലം, അട്ടക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളും, തിരുവനന്തപുരം ജില്ലയിലെ മറ്റ് ഒറ്റപെട്ട സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാൽ കേരള സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും രക്ഷാപ്രവർത്തനം കാര്യപ്രദമായി ഫലം കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയുടെ നേതൃത്വം കേരള ഭരണസിരാകേന്ദ്രത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.

Comments are closed.