സ്ത്രീ പ്രവേശനം പ്രതികരണങ്ങളിലൂടെ…..

ഇൻഡ്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി, ഭക്തി പസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അൽക്കാ ശർമ്മ, സുധാ പാൽ എന്നിവർ, 2006-ൽ ശബരിമലയിൽ ഒരു പ്രായത്തിലുമുള്ള സ്ത്രീകളെ തടയരുത് എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി കൊടുത്തു. പ്രവേശനനിയന്ത്രണം തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരാണെന്ന് അവർ കോടതിയെ ബോധിപ്പിച്ചു . സംഘപരിവാർ ബന്ധമുള്ളവരാണ് ഇവർ എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ കേസിൽ 2007 നവംബറിൽ കേരളത്തിലുണ്ടായിരുന്ന എൽ.ഡി.എഫ്. അച്ചുതാനന്ദൻ സർക്കാർ യുവതീപ്രവേശത്തിന് അനുകൂലമായിട്ടും, പിന്നെ വന്ന യു.ഡി.എഫ്. ഉമ്മൻ ചാണ്ടി സർക്കാർ 2016 ഫെബ്രുവരി 6-ന് യുവതീ പ്രവേശത്തിന് എതിരായിട്ടും, പിന്നീട് വന്ന പിണറായി വിജയൻ സർക്കാർ 2016 നവംബർ 7-ന് യുവതീപ്രവേശത്തിന് അനുകൂലമായിട്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശം പരിശോധിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബർ 28-ന് നൽകിയ വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം അനുവദിക്കുകയാണുണ്ടായത്. ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയ ഭൂരിപക്ഷ വിധിയായിരുന്നു ഇത്.

ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് എ.എം. ഖൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ബെഞ്ചിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവിൽ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരായിരുന്നു വിലക്കെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ യുക്തിചിന്തക്കതീതമായി ആചാരങ്ങൾ അനുഷ്ഠിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജിച്ചു.

വിധി പുറത്ത് വന്ന ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ്. സർക്കാരും വിധിയെ സ്വാഗതം ചെയ്തു. കാലതാമസവും വീഴ്ചയും ഇല്ലാതെ വിധി നടപ്പാക്കണമെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധി അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാണ് എന്നാണ് പ്രതികരിച്ചത് . വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണെന്നും എം. ലീലാവതി അഭിപ്രായപ്പെട്ടിരുന്നു.

തന്ത്രികുടുംബത്തെ പ്രതിനിധീകരിച്ച് കണ്ഠരര് രാജീവരര്, വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത് . കേരള പുലയർ മഹാസഭയുടെ അദ്ധ്യക്ഷൻ പുന്നല ശ്രീകുമാർ ആലുവയിൽ നടത്തിയ പ്രസംഗത്തിൽ വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോട് ചേർത്ത് കാണേണ്ട വിധിയാണ് സുപ്രീംകോടതി നടത്തിയത് എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എൻ.എസ്.എസ്. ആദ്യം മുതൽക്കേ തന്നെ വിധിയേയും വിധി പാലിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനേയും വിമർശിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു . കോൺഗ്രസ് എം.എൽ.എ. ആയ വി.ടി. ബൽറാം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും, ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ ‘രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്’ എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു . ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ. സജീവ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും, വിധി അയ്യപ്പന്റെ നിർദ്ദേശമായാണ് കാണുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു . വിധിയെ സംബന്ധിച്ച ടെലിവിഷൻ ചാനൽ ചർച്ചയിൽ താഴമൺ മഠം, മലയരയരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതാണ് ക്ഷേത്രം എന്ന് സജീവ് ആരോപിച്ചിരുന്നു.

സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി നൽകിയവരിൽ ഒരാളായ പ്രേരണാ കുമാരി വിധിയെ തള്ളിക്കളയുകയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് ഹർജി നൽകിയതെന്ന് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിലൂടെ അവകാശപ്പെടുകയും ചെയ്തു . ബി.ജെ.പി. ജനറൽ സെക്രട്ടറി ആയ കെ. സുരേന്ദ്രൻ സുപ്രീം കോടതി വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി ആണെന്നാൽ സ്ത്രീവിരോധി ആണെന്ന് അർത്ഥമില്ല എന്നായിരുന്നു സുരേന്ദ്രൻ സമർത്ഥിച്ചത്, എന്നാൽ പിന്നീട് അദ്ദേഹം അത് നീക്കം ചെയ്ത് വിധിയെ പിന്തുണയ്ക്കുന്ന സി.പി.ഐ.(എം) ചാമ്പലാകും എന്ന് പോസ്റ്റിട്ടത് വിമർശനത്തിനും വിവിധ ട്രോളുകൾക്കും കാരണമായിരുന്നു .

കേരളത്തിൽ സ്ത്രീ പ്രവേശന വിരുദ്ധ പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ബി.ജെ.പി. എം.പി. സുബ്രഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്നഭിപ്രായപ്പെട്ടിരുന്നു . എന്നാൽ ഇതേ സമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിൽ നിന്ന സർക്കാരിനെതിരെ ഉള്ള പ്രക്ഷോഭമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടുകയോ രസീതെടുത്ത് വഴിപാട് ചെയ്യുകയോ ചെയ്യരുതെന്ന് കെ.പി. ശശികല ആഹ്വാനം ചെയ്തിരുന്നു . യുവതീപ്രവേശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിൽ, ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും അന്ന് അഭിപ്രായപ്പെട്ടിരുന്നു .

തിരുവനന്തപുരത്ത് 2019 ജനുവരിയിൽ നടന്ന ശബരിമല കർമ്മസമിതിയുടെ സമ്മേളനത്തിൽ ശബരിമലയിൽ ആചാരലംഘനം നടത്തരുത് എന്ന് അമൃതാനന്ദമയി തന്റെ മുൻനിലപാട് തിരുത്തുകയുണ്ടായി.

Comments are closed.