ചരിത്ര വിധിയിൽ മലകയറാൻ വന്നവർ

2018 സെപ്റ്റംബർ 28നാണ് ശബരിമല വിഷയത്തിൽ ചരിത്രം തിരുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിവന്നത്. ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം നടത്താമെന്നായിരുന്നു ആ സുപ്രധനമായ വിധി . എന്നാൽ ഈ ചരിത്ര വിധിയെ സംസ്ഥാനത്തെ ഭൂരിഭാഗം വിശ്വാസികളും എതിർക്കുകയാണ് ചെയ്തത്. സ്ത്രീകളടക്കം വിധിയെ പ്രതികൂലിച്ചു പ്രക്ഷോഭ രംഗത്തിറങ്ങി. ഇതിനിടയിൽ ഒക്ടോബർ മാസം 17 ന് മലകയറണമെന്ന ആഗ്രഹത്തോടെ ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 40-കാരിയായ മാധവിക്കും കുടുംബത്തിനും ‘സേവ് ശബരിമല’ സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് കണ്ണീരോടെ മലകയറാതെ മടങ്ങേണ്ടി വന്നു.

സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ ‘സേവ് ശബരിമല’ പ്രവർത്തകർ തടയുകയായിരുന്നു . ഇവരുടെ പ്രായമാണ് സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങി. ചിലർ ഇവരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. തുടർന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ മുന്നിൽ ഓടി. ഇവരെ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയതോടെ, പൊലീസ് പിൻവാങ്ങുകയായിരുന്നു.

ഇതോടെ പൊലീസ് സംരക്ഷണയിൽ തീർഥാടകകുടുംബം തിരികെപ്പോയി. വർഷങ്ങൾക്ക് ശേഷം മല ചവിട്ടുന്ന സ്ത്രീയെന്ന ചരിത്രം കുറിയ്ക്കാമായിരുന്ന തീർഥാടകയെ ആണ് ‘സേവ് ശബരിമല’ അയ്യപ്പസേനാ പ്രവർത്തകർ തടഞ്ഞത്. ഇതിനിടയിൽ ശബരിമല പ്രശ്നം റിപ്പോർട്ട് ചെയ്യാൻ വന്ന ദേശിയ തലത്തിലെയും സംസ്ഥാനതലത്തിലെയും മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപകമായ അക്രമണങ്ങൾ നടന്നു. വനിതാ മാധ്യമപ്രവർത്തകരെ പോലും അക്രമകാരികൾ വെറുതെവിട്ടില്ല. വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. നിലക്കലിൽ തമ്പടിച്ച് അക്രമ പ്രവർത്തനം നടത്തിയ പ്രതിഷേധക്കാരെ കാര്യങ്ങള് കൈവിട്ടുപോകുമെന്ന സ്ഥിതിയിൽ വന്നപ്പോൾ ഒടുവിൽ പൊലീസ് തന്നെ പ്രശ്നം കൈകാര്യം ചെയ്യുകയായിരുന്നു.

‘സേവ് ശബരിമല’ പ്രവർത്തകരുടെ പ്രക്ഷോഭം കനക്കുമ്പോഴും കോടതി വിധിയെ അനുകൂലിക്കുന്ന വിശ്വാസികളായ സ്ത്രീകൾ മലകയറാൻ വീണ്ടുമെത്തി. നവംബർ 16 ന് ഇന്ത്യയിലെ പ്രശസ്ത ഹിന്ദു ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി എന്ന സംഘടനയുടെ സ്ഥാപക നേതാവുമായ തൃപ്തി ദേശായി ശബരിമല പ്രവേശനത്തിനായി കേരളത്തിൽ എത്തിയെങ്കിലും സംഘപരിവാർ പരിവാർ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാന താവളത്തിൽ നിന്ന് പുറത്തുകടയ്ക്കാൻ കഴിഞ്ഞില്ല. ആറംഗ യുവതികള്‍ അടങ്ങുന്ന സംഘത്തിനൊപ്പമാണ് തൃപ്തി കേരളത്തിലെത്തിയത്.

ഹാപ്പി ടു ബ്ലീഡ് എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിന് തൃപ്തി ദേശായി തുടക്കം കുറിച്ചിരുന്നു. തുടര്‍ന്നാണ് നവംബര്‍ 16 നും 20 നും ഇടയ്ക്ക് താന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്. വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധം തുടരുമ്പോഴും ‘ശബരിമല ചവിട്ടാതെ പിന്നോട്ടില്ലെന്നു ‘ തൃപ്തി ദേശായി തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇവർ തിരിച്ചു പോവുകയായിരുന്നു.

കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ മല കയറാന്‍ ശ്രമിച്ച യുവതികളില്‍ സന്നിധാനത്തിന് ഏറ്റവും അടുത്ത് എത്തിയ രണ്ടുപേരില്‍ ഒരാളായിരുന്നു ആക്ടിവിസ്റ്റും നടിയുമായ രഹ്നാഫാത്തിമ. ഒക്ടോബർ 19 ന് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതാ ജക്കാലയ്‌ക്കൊപ്പം നടപന്തല്‍ വരെ എത്താന്‍ രഹ്നയ്ക്ക് കഴിഞ്ഞിരുന്നു.

ബിഎസ്ന്‍എല്‍ ജീവനക്കാരികൂടിയാണ് രഹ്നാഫാത്തിമ. ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ് കവിത. 10 ടിവിയില്‍ വാര്‍ത്ത അവതാരകയായി ജോലി തുടങ്ങിയ കവിത തെലുങ്ക് മോജോ ടിവിക്കുവേണ്ടി ശബരിമലയിൽ എത്തുകയായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സായുധ പോലീസ് സംഘത്തിന്റെ സുരക്ഷയിലാണ് കവിതയും രഹ്നയും മലചവിട്ടിയത്. സുരക്ഷയുടെ ഭാഗമായി പോലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിച്ചായിരുന്നു കവിതയുടെ സന്നിധാനത്തേക്കുള്ള യാത്ര. സുരക്ഷയൊരുക്കിയെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തലില്‍ ഇരുവര്‍ക്കും യാത്ര അവസാനിപ്പിക്കേണ്ടിവന്നു. രഹ്നനയുടെ സന്ദര്‍ശനം വലിയ വിവാദം ആയപ്പോള്‍ ബിഎസ്ന്‍എല്‍ ജീവനക്കാരിയായ രഹ്നയ്‌ക്കെതിരെ സ്ഥാപനം നടപടി എടുത്തിരുന്നു.

പ്രതിക്ഷേധം കൊടുംപിരി കൊള്ളുമ്പോഴും കോടതി വിധി അനുകൂലികളായ സ്ത്രീ വിശ്വാസികൾ മലകയറാനുള്ള ആഗ്രഹവുമായി രംഗത്തിറങ്ങി. ഡിസംബർ 23ന് തമിഴ്‌നാട്ടിൽ നിന്ന് യുവതികളടക്കമുള്ള മനിതി കൂട്ടായ്മ മലകയറാൻ വരികയും എന്നാൽ , പ്രതിഷേധവും ആക്രമവും കണക്കിലെടുത്ത് തിരിച്ചിറങ്ങുകയുമാണ് ചെയ്തത് . സംഭവത്തിന് പിന്നാലെ സർക്കാരിനും പോലീസിനും എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു . ചെന്നൈയിൽ നിന്ന് 12 പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാൻ എത്തിച്ചേർന്നത്. മധുരയിൽ നിന്നും സംഘം അവിടം മുതൽ പൊലീസ് സുരക്ഷയോടെയാണ് സഞ്ചരിച്ചത്. മലയിറങ്ങി വന്ന പ്രതിഷേധക്കാർ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ 200 ലധികം പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Comments are closed.