കേരളത്തെ പ്രളയം വിഴുങ്ങിയത് എങ്ങനെ ….?

2018 ജൂലൈ- ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണം ഉയർന്നു .

എന്നാൽ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ടിൽ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത് യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ കണ്ടെത്തൽ.

അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. ഭൂപ്രകൃതിപരമായി നിരവധി പ്രത്യേകതകളുള്ള കേരള സംസ്ഥാനത്തിന് ഈ മഹാപ്രളയം മോശമായി ബാധിച്ചു. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കിൽ ദേശീയ ജനസാന്ദ്രത വെറും 382 ആണ്. അതുപോലെ തന്നെ കേരളത്തിന്റെ ഏകദേശം പത്തു ശതമാനം പ്രദേശങ്ങളെങ്കിലും സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനോടൊപ്പം 41 നദികൾ അറബിക്കടലിലേയ്ക്കു പതിക്കുന്നവയുമാണ്. ഈ നദികളിലെല്ലാംകൂടി ഏകദേശം 54 ജലസംഭരണികളെങ്കിലും നിലനിൽക്കുന്നുണ്ട്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ ഈ നദികൾക്കോ ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഈ പ്രകൃതിദുരന്തം പരിസ്ഥിത ശാസ്ത്രജ്ഞൻ പ്രൊഫസർ മാധവ് ഗഡ്ഗിലിനേയും അദ്ദേഹത്തിൻറെ ഗാഡ്ഗിൽ റിപ്പോർട്ടിനേയും വീണ്ടും ജനശ്രദ്ധയിലെത്തിച്ചു. പാരിസ്ഥിതിക നാശം മൂലമുണ്ടാവുന്ന വിശക്കുന്ന ജല പ്രതിഭാസം കൂടി പ്രളയകാരണങ്ങളിൽപ്പെടുത്താവുന്നതാണ്.

 

ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണ്ണമായി വെള്ളത്തിനടിയിലാക്കിയതെന്ന് ആരോപണമുണ്ട് . മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി ആവശ്യമാണ്. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ നിലവിലെ അവസ്ഥയും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സാധാരണയായി കളക്ടർ അണക്കെട്ട് തുറക്കാൻ അനുമതി നൽകുന്നത്. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്‌സി. എൻജിനീയർ, എക്‌സി. എൻജിനീയർ എന്നിവർക്കാണ്.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം കേരളം അറിയാതെ പോയതും വെള്ളപ്പൊക്കത്തിന്റെ ആഘാതം കൂടാൻ മറ്റൊരു കാരണമായി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്‌നാട് വിവരം പുറത്തുവിട്ടത്. ബാണാസുര സാഗർ അണക്കെട്ട് മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ പരമാവധി ജലനിരപ്പിൽ നിന്നും ഒട്ടും തന്നെ ജലം ഡാമിൽ നിർത്താൻ സാധ്യമല്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 2018 ജൂലൈ 15ന് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇതിനായുള്ള മുന്നറിയിപ്പുകൾ യഥാസമയം ജില്ലാ ഭരണാധികാരികൾക്ക് നൽകിയിരുന്നു. അത് ആഗസ്റ്റ് 5 വരെ തുടർന്നു. ആഗസ്റ്റ് 6 ന് ഉണ്ടായ അതിശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 7 ന് വീണ്ടും ബാണാസുര സാഗർ അണക്കെട്ട് തുറന്നു.

 

ഇതിനും ജില്ലാ ഭരണാധികാരിക്ക് അടിയന്തര അറിയിപ്പ് നൽകിയിരുന്നു. അറിയാതെയാണ് ബാണാസുരയുടെ അണക്കെട്ടുകൾ അധികൃതർ തുറന്നുവിട്ടത് എന്ന ആരോപണം ശരിയല്ല. വെള്ളം തുറന്നു വിട്ടപ്പോൾ ജലം കുത്തിയൊഴുകി വീടുകൾ തകർന്നും മറ്റും ദുരിതത്തിലായത് ഏഴ് പഞ്ചായത്തിൽ ഉള്ളവരാണ്.

കേരളത്തിൽ 2018ൽ ഉണ്ടായ മഹാപ്രളയത്തിന് കാരണം അണക്കെട്ടുകൾ തുറന്നത് കൊണ്ടല്ല എന്നും മറിച്ച് കേരളത്തിൽ പെയ്ത അതി തീവ്ര മഴയുടെ ഭാഗമായി അണക്കെട്ടുകളിൽ ഒഴുകി വന്ന ജലത്തിന്റെ ഒരു ഭാഗം മാത്രമേ തുറന്നു വിട്ടിട്ടുള്ളു എന്നും കേന്ദ്ര ജല കമ്മീഷൻ അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . ആയതിനാൽ ഡാമുകൾ തുറന്ന് വിട്ടതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെന്ന അബദ്ധജടിലമായ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്ര ജല ക്കമ്മീഷന്റെ റിപ്പോർട്ട്. കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ പരിശോധിക്കുന്നത് ഡാം സുരക്ഷാ അതോറിറ്റിയാണ്. കേരളത്തിൽ മഹാപ്രളയം വരുത്തിവെച്ചതിൽ ഡാം സുരക്ഷാ അതോറിറ്റിക്കും അധികൃതർക്കും സംബന്ധിച്ച വീഴ്‌ച്ചകളാണെന്ന ആരോപണം ശക്തമാണ്.

Comments are closed.