ചരിത്രത്തിൽ തിളങ്ങിയ സുപ്രീം കോടതി വിധി

28 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ 2018 സെപ്റ്റെംബർ 28ന് സുപ്രീം കോടതി ശബരിമലയിൽ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പ്രഖ്യാപിച്ചു. 2006ൽ യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് 12 വർഷങ്ങൾക്ക് ശേഷം അനുകൂലമായ വിധിവന്നത് .

2017 ഒക്ടോബർ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടർച്ചയായി വാദം കേട്ട് ഓഗസ്റ്റ് മാസത്തിൽ ശബരിമല കേസ് വിധി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നടത്താമെന്നാണ് ഭരണഘടനാബഞ്ച് വിധിച്ചത് . ആർത്തവം തുടങ്ങിയ ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും, പ്രാർഥിക്കാൻ സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമുണ്ടെന്നും കോടതി വിധിയിൽ പറയുന്നു .

പത്തിനും അൻപതിനുമിടയിൽ പ്രായമുളള സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരിൽ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആർത്തവത്തിന്റെ പേരിൽ സ്ത്രീപ്രവേശനം വിലക്കിയ 1965ലെ കേരള ക്ഷേത്രപ്രവേശനചട്ടത്തിലെ മൂന്ന് (ബി) ചട്ടം റദ്ദാക്കി. അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാർ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ, ബെഞ്ചിലെ ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്ര എതിർക്കുകയാണ് ചെയ്തത്.

എന്നാൽ , സ്ത്രീകളെ ശാരീരികാവസ്ഥയുടെ പേരിൽ വിലക്കാനാകില്ലെന്നും പുരുഷാധിപത്യമാണ് പ്രവേശനവിലക്കിനുള്ള മൂലകാരണമെന്നും കോടതി നിരീക്ഷിച്ചു. പ്രാർഥനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്നും ആൾക്കൂട്ട ധാർമികതയെ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Comments are closed.