ഒടിയൻ റിവ്യൂ

 

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ, പാലക്കാടൻ ഗ്രാമങ്ങൾക്ക്​ മാത്രം സുപരിചിതമായ മിത്തിനെ തിരശ്ശീലയിലേക്ക്​ ആവിഷ്​കരിക്കാനുള്ള ശ്രമം ആണ്. ഗർഭിണിയായ സ്​ത്രീയുടെ മറുപിള്ളയെ ഉപയോഗിച്ച്​ ഒടിമരുന്നുണ്ടാക്കി അത്​ ചെവിയിൽ വെച്ച്​ ഒടിയനായി മാറുന്ന ആളുകളെ കുറിച്ചുള്ള കഥകൾ പാലക്കാടൻ ​ഗ്രാമീണ ജനതയ്ക്ക് പുതുമയല്ല. ഇത്തരത്തിലുള്ള ഒടിയനായ മാണിക്യന്‍റെ കഥയാണ്​​ സിനിമ പറയുന്നത്.

നിരവധി തവണ പാലക്കാട്​ മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. ഗ്രാമീണഭംഗി ചിത്രീകരിക്കാനായി സംവിധായകർ എത്താറുള്ളത്‌ ഇൗ വള്ളുവനാടൻ ഗ്രാമങ്ങളിലേക്കാണ്​. എങ്കിലും ഒടിയൻ പോലെ പാലക്കാടിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ​െഎതിഹ്യങ്ങൾ സിനിമക്ക്​ അത്ര കണ്ട്​ വിഷയമായിട്ടില്ല. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഓടിയനായി വരുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളം ഉയരുക സ്വാഭാവികമാണ്. വൻ പ്രതീക്ഷവെച്ച് എത്തിയവർക്കൊപ്പം ഉയരാൻ ഒടിയന്​ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്​.

വാരണാസിയിലാണ്​​ ഒടിയ​​​​​​െൻറ ആദ്യ രംഗം ആരംഭിക്കുന്നത്​. 15 വർഷം മുമ്പ്​ തേങ്കുറിശ്ശിയിൽ നിന്ന്​ നാടുവിട്ട്​ നിരവധി ദേശങ്ങളിലുടെ ചുറ്റിത്തിരിഞ്ഞതിന്​ ശേഷം വാരണാസിയിൽ എത്തിയിരിക്കുകയാണ്​ ഒടിയൻ മാണിക്യൻ. വാരണാസിയിൽ നിന്ന്​ വർഷങ്ങൾക്ക്​ ശേഷം മാണിക്യൻ തേങ്കുറിശ്ശിയിൽ എത്തുന്നതോടെയാണ്​ ഒടിയൻ കഥ പറഞ്ഞു​ തുടങ്ങുന്നത്​. പിന്നീട്​ അയാൾ ഭൂതകാലത്തേക്ക്​ സഞ്ചരിക്കുകയാണ്​. ഒടിയൻ മാണിക്യ​നെ കുറിച്ച്​ തേങ്കുറിശ്ശിയിൽ പലരുടെയും ഒാർമകളിലുടെയാണ്​ സിനിമ പിന്നീട്​ സഞ്ചരിക്കുന്നത്​. ആ സഞ്ചാരങ്ങളിൽ മാണിക്യ​ന്‍റെ പ്രണയവും നിസ്സഹായതയും പ്രതികാരവുമെല്ലാം വരച്ചിടുന്നുണ്ട്​.

ഒടിയൻ മാണിക്യന്‍റെ ഭൂതകാലത്ത്​ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ചടുലതയും വേഗവും നൽകുന്നതിൽ പരാജയപ്പെടുന്നിടത്താണ്​ ഒടിയൻ ഒരു ശരാശരി ചിത്രമായി ഒതുങ്ങുന്നത്​. മികച്ചൊരു പ്രമേയമുണ്ടായിട്ടും അത്​ പൂർണതയിലെത്തിക്ക​ുന്നതിൽ സംവിധായകൻ പരാജ​യപ്പെട്ടുവെന്ന്​ വേണം കരുതാൻ. സിനിമ പുറത്തിറങ്ങുന്നതിന്​ മുൻപ് ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നത്​ ഒരു ബ്രഹ്​മാണ്ഡ ചിത്രമായിരിക്കും ഒടിയനെന്നായിരുന്നു. ഇൗ പ്രതീക്ഷയുമായാണ്​ ആരാധകർ തിയേറ്ററുകളിലെത്തിയത്​. എന്നാൽ, അങ്ങിനെയൊരു ചിത്രം പ്രതീക്ഷിച്ചവർക്ക്‌ മുന്നിൽ സാധാരണ ചിത്രം മാത്രമായി ഒടിയൻ മാറി.

Leave A Reply